Saturday 30 June 2012

ഇവര്‍ക്കു വായിക്കാന്‍ ഇ-വഴികള്‍; ഭിത്തികളില്ലാതെ ഒരു വായനപ്പുര

by പി.കെ. മണികണ്ഠന്‍, Published in Mathrubhumi News paper, Delhi Edition on 23rd June


ന്യൂഡല്‍ഹി: വായിക്കാനൊരു പുസ്തകമെടുക്കണമെങ്കില്‍ വായനശാലതന്നെ വേണമെന്ന് ആരു പറഞ്ഞു? അതൊക്കെയൊരു പരമ്പരാഗത സങ്കല്‍പ്പം. വായിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പുസ്തകം എവിടെ വേണമെങ്കിലും കിട്ടും. ഇതിനൊരു മാതൃകയാവുകയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരുകൂട്ടം മലയാളി വിദ്യാര്‍ഥികള്‍. പരസ്പരസൗഹൃദത്തിലും ഭാഷാസ്‌നേഹത്തിലും പടുത്തുയര്‍ത്തിയ 'വായനപ്പുര'യാണ് അവരുടെ വായനശാല. ഒരു വിദ്യാര്‍ഥി വിശേഷിപ്പിച്ചതുപോലെ ഭിത്തികളില്ലാത്ത ലൈബ്രറി. കൈയിലുള്ള പുസ്തകങ്ങള്‍ പരസ്പരം കൈമാറി വായിക്കാനുള്ള സംഘടിതശ്രമമാണ് വായനപ്പുര.

ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുടെ സംഘടനയായ മൈത്രിയുടെ കീഴിലാണ് വായനപ്പുര തണലൊരുക്കിയത്. കഴിഞ്ഞവര്‍ഷം കേരളപ്പിറവി ദിനത്തില്‍ പിറവിയെടുത്ത കൂട്ടായ്മ പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള ഉദ്ഘാടനം ചെയ്തു. നാട്ടിലുള്ളതുപോലെ ഡല്‍ഹിയില്‍ മലയാള പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടില്ലെന്നുള്ള പ്രതിസന്ധിയിലായിരുന്നു മലയാളി വിദ്യാര്‍ഥികള്‍. അപ്പോഴാണ് സെന്റ് സ്റ്റീഫന്‍ കോളേജിലെ ബിരുദവിദ്യാര്‍ഥി അരുണ്‍ ഡി. പോളിന് ഒരാശയമുദിച്ചത്. മലയാളി വിദ്യാര്‍ഥികളുടെ കൈയില്‍ പുസ്തകങ്ങളുണ്ടാവുമല്ലോ. അവ പരസ്പരം കൈമാറി വായിച്ചാല്‍ പ്രശ്‌നത്തിനൊരു പരിഹാരമാവും. അരുണിന്റെ ആശയം മൈത്രി ഒരു ആവിഷ്‌കാരമാക്കി. അങ്ങനെ അംഗത്വഫീസും അപേക്ഷാഫോറങ്ങളൊന്നുമില്ലാതെ പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ വായനപ്പുരയ്ക്ക് മേല്‍ക്കൂരയായി. പുസ്തകമുള്ളവരെയും ആവശ്യമുള്ളവരെയും ഏകോപിപ്പിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. കാര്യസ്ഥനെന്നാണ് ഇയാളുടെ സ്ഥാനപ്പേര്. ആശയം മുന്നോട്ടുവെച്ച അരുണാണ് ഇപ്പോള്‍ വായനപ്പുരയുടെ കാര്യസ്ഥന്‍. www.maithrydu.blogspot.in എന്ന വിലാസത്തിലുള്ള മൈത്രിയുടെ ബ്ലോഗിലൂടെയാണ് വായനപ്പുരയുടെ പ്രവര്‍ത്തനം.

ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ കൈയിലുള്ള പുസ്തകങ്ങളുടെ പേരുവിവരം ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. കഥ, കവിത, നോവല്‍ എന്നിങ്ങനെയൊക്കെ വേര്‍തിരിച്ചുള്ളതാണ് പട്ടിക. ആവശ്യക്കാര്‍ ഈ പട്ടികയില്‍ പരതി തങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കും. ആവശ്യമുള്ള പുസ്തകം കാര്യസ്ഥനെ അറിയിക്കും. ആ പുസ്തകമുള്ളയാളുടെ പക്കല്‍ നിന്നും വാങ്ങി കാര്യസ്ഥന്‍ ആവശ്യക്കാരന് നല്‍കും. വായിച്ചുകഴിഞ്ഞാല്‍ തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. 

മൈത്രിയിലുള്ളത് മുന്നൂറോളം മലയാളി വിദ്യാര്‍ഥികള്‍. ആറ് മാസത്തിനുള്ളില്‍ 125 പുസ്തകങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. ഇതുവരെ 25 പുസ്തകക്കൈമാറ്റങ്ങള്‍ നടന്നതായി കാര്യസ്ഥന്‍ അറിയിച്ചു. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച പുസ്തകങ്ങളുടെ പട്ടിക പുതുക്കും. കവര്‍ചിത്രം നല്‍കി പുസ്തകം പരിചയപ്പെടുത്തുന്ന ഫേസ് ബുക്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. ഇ-വായനയുടെ കാലത്ത് പരമ്പരാഗതരീതിയില്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ ഇ-സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് പുതുതലമുറ. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കാനുള്ള ഉദ്യമം ഉടന്‍ തുടങ്ങാനാണ് മൈത്രിയുടെ ആഗ്രഹമെന്ന് ഭാരവാഹികളായ ലിതിനും പ്രിയയും പറഞ്ഞു.

മലയാളം എക്കാലവും സ്‌നേഹിച്ച മാധവിക്കുട്ടിയുടെ സമ്പൂര്‍ണകൃതികള്‍, എം.ടി.യുടെ കഥകള്‍ തുടങ്ങി പഴയകാലപ്പെരുമയിലെ കേരള സംസ്‌കാരം, ഐതിഹ്യമാല എന്നിവയും വായനപ്പുരയില്‍ ഇടംപിടിച്ചു. കാമ്പസുകള്‍ നെഞ്ചിലേറ്റുന്ന ഖലീല്‍ ജിബ്രാന്‍, ഒമര്‍ ഖയ്യാം, കുമാരനാശാന്‍, ഒ.എന്‍.വി., സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കൃതികളും കുറവല്ല. കെ.ആര്‍. മീര, കെ. രേഖ തുടങ്ങിയ പുതുതലമുറ എഴുത്തുകാരെയും വിദ്യാര്‍ഥികള്‍ക്ക് സുപരിചിതം. ചിന്തകള്‍ക്ക് ചിറകുനല്‍കാന്‍ എ.പി.ജെ. അബ്ദുല്‍കലാമിന്റെ അഗ്‌നിച്ചിറകുകളും വായനപ്പുരയിലെ തിളക്കമായി. മലയാളത്തോടുള്ള സ്‌നേഹം തന്നെയാണ് വായനപ്പുരയുടെ ജീവനും ആവേശവും. കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ തേടിയുള്ള യാത്രയിലും അന്വേഷണത്തിലുമാണ് വായനപ്പുരയിലെ അന്തേവാസികള്‍. ഒരു പുസ്തകം കിട്ടിയാല്‍ തിരിച്ചുകൊടുക്കാന്‍ മറക്കുന്ന മലയാളിയുടെ പതിവുശീലവും ഇവര്‍ക്കില്ലെന്നതാണ് മറ്റൊരു സവിശേഷത. കേവലം പുസ്തകവായനയിലൊതുങ്ങുന്നില്ല ഈ വിദ്യാര്‍ഥികളുടെ മാതൃഭാഷാസ്‌നേഹം. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവര്‍ത്തനം നിലച്ച മലയാളവിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. തമിഴും ബംഗാളിയുമൊക്കെ പഠിപ്പിക്കുന്ന, മലയാളത്തെ മാത്രം അധികൃതര്‍ അവഗണിക്കുന്നതിനെതിരെ ഇതിനകം സര്‍വകലാശാലാ വി.സി.ക്ക് പരാതി നല്‍കിക്കഴിഞ്ഞു. പഠിക്കാന്‍ കുട്ടികളില്ലെന്നതാണ് മലയാളവിഭാഗം അടച്ചതിന് അധികൃതരുടെ ന്യായീകരണം. എന്നാല്‍, പഠിക്കാന്‍ താത്പര്യമുള്ള നൂറ്റമ്പതോളം കുട്ടികളുടെ പേരും കൈയൊപ്പും നല്‍കിയായിരുന്നു മൈത്രി പ്രവര്‍ത്തകരുടെ നിവേദനം. മലയാളവിഭാഗത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടായിട്ടും സര്‍വകലാശാലാ അധികൃതര്‍ നടപടിയെടുത്തില്ല. പഠനം നിലച്ചതിനാല്‍ ഇവിടത്തെ മലയാളം ലൈബ്രറിയും ഉപയോഗിക്കാതെ കിടക്കുന്നു. മലയാളവിഭാഗം വീണ്ടും തുറക്കാനുള്ള ശ്രമം തുടരാന്‍ തന്നെയാണ് മൈത്രിയുടെ തീരുമാനം.

ഒരു വിദ്യാര്‍ഥി മുന്നോട്ടുവെച്ച ആശയം ഒരുപാട് മനസ്സുകള്‍ ഏറ്റെടുത്തതിന്റെ വിജയമാണ് വായനപ്പുര. ഒരര്‍ഥത്തില്‍ പുതുതലമുറയിലെ കൂട്ടായ്മയുടെ മാതൃക. വര്‍ഷങ്ങളായി ഡല്‍ഹിയിലുള്ള മലയാളികള്‍ വായിക്കാനും പുസ്തകമെടുക്കാനും നേരമില്ലെന്ന് വാദിക്കുമ്പോള്‍ ഒരു നിമിഷം ഇന്റര്‍നെറ്റില്‍ വായനപ്പുരയൊന്നു സന്ദര്‍ശിക്കുക. പഴയതലമുറയ്ക്കും പഠിക്കാനൊരു വഴികാട്ടിയെ ഈ താളുകളില്‍ കാണാം.

Monday 26 March 2012

കണ്ണാടിയിലെ ശരീരം


Nada T. K
Ramjas College
ntk_353@yahoo.com

അലമാരയില്‍ നിന്ന് അടര്‍ന്നുവീണ കണ്ണാടിയില്‍
അംഗവിച്ഛേദം സംഭവിച്ച ഒരു ശരീരം.
വക്കുപൊട്ടിയ ചില്ലിന്‍‌കൂട്ടുകളിലൊന്നില്‍
ആരേയോ തേടുന്ന ഒരൊറ്റക്കണ്ണിന്‍റെ പാതി.
പറ്റം തെറ്റിയ മറ്റൊരു പൊട്ടില്‍
പേടിച്ചരണ്ട മറുകണ്ണ്.
കൈകളില്‍.........., കാല്‍കളില്‍,
കണ്ണുനീര്‍പോലെ പൊടിയുന്ന രക്തതുള്ളികള്‍..
കണ്ണാടിയുടെ മിനുത്ത പ്രതലത്തില്‍
ചെമന്ന ചായം തേച്ച്,
കൂര്‍ത്ത വക്കുകളിലേക്ക് പടര്‍ന്ന്,
പുളഞ്ഞ്,
അടര്‍ന്ന ഓരോ അവയവങ്ങളിലും
ജീവനാംശം തേടി
പേടിച്ചരണ്ട കണ്ണിലേക്ക് ആഴ്ന്നിറങ്ങി
ഉതിര്‍ന്നുവീഴുന്ന കട്ടിയുള്ള രക്തതുള്ളികള്‍...
അപ്പോഴേക്കും പക്ഷെ
പുറം സമാധിയായിരുന്നു.
ആരെയോ തേടിയിരുന്ന ഒറ്റക്കണ്ണ്
പാതിയടയുകയും ചെയ്തിരുന്നു.

Monday 12 March 2012

മൈത്രിയിലേക്ക് സ്വാഗതം

മൈത്രിയിലെ അംഗങ്ങളുടെ സര്‍ഗരചനകള്‍ക്കുള്ള ബ്ലോഗാണിത്. മൈത്രിയെക്കുറിച്ചും   സര്‍വകലാശാലയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: www.maithrydu.blogspot.com

Admission Help Line ബ്ലോഗില്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
: 09560373185 & 09540838714

http://maithrydu.blogspot.in/p/admission-help.html



Thursday 1 March 2012

പണിമുടക്കു ദിനം


Unnikrishna Das
3rd Year English Literature, Kirori Mal College 
unnikrishnadas@gmail.com



അച്ഛന്‍:

യൂണിയന്‍ മീറ്റിംഗ്.
ധര്‍ണ,
ഉച്ചയുറക്കം.

അനിയന്‍:

നിനച്ചിരിക്കാതെ
അയ്യട,സ്കൂളവധി.

അമ്മ:

പണിമുടക്ക്‌ ബാധകമല്ലാത്ത
അടുക്കളയില്‍,
പരിഭവം വിളറിയ ചിരിയിലൊതുങ്ങാതെ.

Tuesday 7 February 2012

വീട്

 Hari S.
 St.Stephen's College
  pappubeatle@gmail.com


പൊളിക്കാനിട്ടിരിക്കുന്ന വീടുപോലെ
ഭൂമി വികൃതമായി കിടക്കുന്നു.
പുഴകളുടെ വീതി കുറഞ്ഞെന്നും
കുന്നുകള്‍ ഇടിഞ്ഞ് ചെറുതായെന്നും തോനുന്നു.
മഴവില്ല് കാണാനില്ല.
കറുത്ത പുകമറകള്‍ കൈകാലുകള്‍ കെട്ടിമുറുക്കുന്നു.

***

ആദ്യവരിയിലെ വീട് വെറും കെട്ടിടമല്ല,
വീടുതന്നെ;
താളം നിറഞ്ഞാലും, താളം നിലച്ചാലും.

Friday 3 February 2012

വിമോചനത്തിന്റെ ഒരു പകല്‍


Agney G.K
MA History, Hindu College
gkagny@gmail.com


ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു.മുറിയുടെ കതകിലാരോ ശക്തമായി മുട്ടുന്നു. മുട്ടുന്നവനെ മനസ്സില്‍ പ്രാകി, കട്ടിലില്‍ നിന്നും താഴേക്കിറങ്ങി, കതക് തുറന്നു. തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു തമിഴന്‍ പണ്ണീര്‍ സെല്‍‌വം, അവന്‍ ഇംഗ്ഗ്ലീഷ് ഒപ്പിച്ചൊപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി.
 "അണ്ണാ! ഇന്നാണ് ആ മണിപ്പൂരിലെ ഇറോം ഷര്‍മിളയുടെ സമരം."
ഞാന്‍ ഒന്ന് മൂരി നിവര്‍ത്തി എന്നിട്ട് ചോദിച്ചു.
"ആര്, ആരുടെ സമരം, എന്തിന്?"
അവന്‍ തുടര്‍ന്നു.
"അണ്ണാ അത് ആ ഇറോം ഷര്‍മിള ഇല്ലേ? അവരുടെ നിരാഹാരത്തെ സപ്പോര്‍ട്ട് ചെയ്യുന്ന സമരം."
ആ ശരി എന്നു പറഞ്ഞ് ഞാന്‍ കതകടച്ചു. വീണ്ടും ആരോ കതകില്‍ മുട്ടി. ഞാന്‍ ചോദിച്ചു.
"ആരാ അത്?"
അപ്പോള്‍ കതകിന് പിറകില്‍ നിന്നും ആ അജ്ഞാതന്‍,
"അണ്ണാ നാന്‍ താന്‍ പണ്ണീര്‍ സെല്‍വം."
ഈ നായിന്റെ മോന്‍ ഇതുവരെ പോയില്ലെ എന്ന് മനസ്സില്‍ പറഞ്ഞ് 'ചിരിച്ച' മുഖവുമായി കതക് തുറന്നു.(അടുത്ത ഹോസ്റ്റല്‍ ഇലക്ഷന് സെക്രട്ടറിയായി മത്സരിക്കാനുള്ളതാ, അവനോട് മുഖം കറുപ്പിച്ചാല്‍ തമിളിസ്ഥാന്റെ വോട്ട് മുഴുവന്‍ ഗോവിന്ദ!!)
"നിനക്ക് എന്തു വേണം?"
അവന്‍ ചോദിച്ചു:
"അണ്ണന്‍ വരുന്നില്ലേ! സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ ഭയങ്കര ആക്ടീവാണല്ലോ!! അതൊ ഇനി അണ്ണന്‍ എ.ബി.വി.പി യില്‍  ചേര്‍ന്നോ?"
ഞാന്‍ പറഞ്ഞു.
"സെല്‍‌വാ എനിക്ക് ഇന്ന് എന്തോ ഒരു സുഖം തോനുന്നില്ല, നീ പോയിട്ടു വാ."

ഞാന്‍ കട്ടിലിലേക്ക് മടങ്ങി, അടുത്തിരിക്കുന്ന വാച്ചെടുത്ത് സമയം നോക്കി, സമയം രാവിലെ അഞ്ചുമണി. ഇവന് ഇന്ന് എന്താ പറ്റിയത്, ഈ യൂണിവേഴ്സിറ്റിയില്‍ ഇറോം ഷര്‍മിളയേപ്പെറ്റി എത്രയോ സെമിനാറുകള്‍ നടന്നു. സെല്‍‌വനെ പോയിട്ട്, ഒരു തമിളിസ്ഥാന്‍ കുടുംബക്കാരനേയും ഞാന്‍ ആ പരിസരത്ത് കണ്ടിട്ടില്ല. എന്തെങ്കിലുമാകട്ടെ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞുകിടന്നു.

ഒന്ന് മയക്കം പിടിച്ചുവന്നപ്പോള്‍ ഫോണ്‍ കിടന്ന് കരയാന്‍ തുടങ്ങി. സമയം എട്ടുമണിയായി. ഇനി വല്ലതും കഴിക്കാം എന്നു വിചാരിച്ചുണര്‍ന്ന് ഫോണ്‍ എടുത്തുനോക്കി. അലാറം അടിച്ചതല്ല, ആരോ വിളിക്കുകയാണ്. ഞാന്‍ ഫോണ്‍ എടുത്തു. മറുവശത്തെ ശബ്ദം ആരാഞ്ഞു.
"പ്രകാശേട്ടനല്ലേ?"
ഞാന്‍ പറഞ്ഞു.
"അതെ, ആരാ സംസാരിക്കുന്നത്?"
ഉത്തരം വന്നതിങ്ങനെയായിരുന്നു.
"ഞാന്‍ എസ്.എഫ്.ഐയുടെ സഖാവ് നിര്‍മല്‍. നമ്മള്‍ ഓണത്തിന് പരിചയപ്പെട്ടിരുന്നു. ഓര്‍മയുണ്ടോ?"
ഇന്നലെ കണ്ടവരെ ഇന്ന് ഓര്‍ക്കാത്ത ഞാനാ!!
എങ്കിലും സഖാവിനെ നിരാശപ്പെടുത്തേണ്ട എന്നു വിചാരിച്ച് ഞാന്‍ പറഞ്ഞു.
"ആ ഓര്‍ക്കുന്നുണ്ട്, എന്തൊക്കെയുണ്ട് വിശേഷം?"
"സുഖമായിരിക്കുന്നു സഖാവെ, ഒരു കാര്യം പറയാനാ വിളിച്ചത്, ഇന്ന് 'സേവ് ഇറോം ഷര്‍മിള' എന്ന ഒരു മാര്‍ച്ച് ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്, സഖാവ് വരണം."
ഇതായിരുന്നു ആ ഫോണിലെ വ്യക്തിയുടെ ആവശ്യം.

ഇവന്‍ നാളെ വല്ല മന്ത്രിയോ മറ്റോ ആയാല്‍ ഉപകരിക്കും എന്നു വിചാരിച്ചു ഞാന്‍ പറഞ്ഞു.
"ശരി സഖാവെ, ഞാന്‍ വന്നേക്കാം."
അതുകേട്ടപ്പോള്‍ സഖാവ് നിര്‍മല്‍ അടുത്ത ആവശ്യം മുന്നോട്ട് വെച്ചു.
"അതെ സഖാവെ, ആരെങ്കിലും ചോദിച്ചാല്‍ താങ്കള്‍ എസ്. എഫ്.ഐ യിലെ സഖാവ് നിര്‍മലിന്റെ ഒപ്പം വന്നതാണെന്ന് പറയണം."
ശരിയെന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

അമ്മാത്തുകാര്‍ വലിയ സി.പി.എമ്മുകാരാണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ അടുക്കളയില്‍ പുതിയ കറികള്‍ ഉണ്ടാക്കുന്നതല്ലാതെ ഞാന്‍ അമ്മയില്‍ മറ്റ് വിപ്ലവങ്ങള്‍ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഞാനും ഒരു വിപ്ലവകാരിയല്ല.

എത്ര പെട്ടെന്നാണ് ഞാന്‍ ഒരു സഖാവായത്? നിമിഷനേരംകൊണ്ട്. കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ വെറും പ്രകാശന്‍, സഖാവ് പ്രകാശനായി. ഇനി ഒരു കാരാട്ടുകൂടി അറ്റത്തുചേര്‍ത്താല്‍ പി.ബിയില്‍ ഒരു സ്ഥാനം ഉറപ്പാ..

ഒടുവില്‍ അങ്ങനെ എട്ടുമണിയായി.വീണ്ടും ഫോണ്‍ കിടന്നു കരയാന്‍ തുടങ്ങി. വീട്ടില്‍ നിന്നും അച്ഛന്റെ വിളി. ഇനി മൂപ്പര്‍ക്ക് എന്താ വേണ്ടത്? എന്തായാലും സേവ് ഷര്‍മിള ആകല്ലെ എന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ ഫോണെടുത്തു.
"ഹലോ എന്തൊക്കെയാ വീട്ടില്‍ വിശേഷം"
"ഓ, ഇവിടെ എന്തു വിശേഷം വരാനാ! വിശേഷമൊക്കെ അവിടയല്ലേ?"
ആ മറുപടികേട്ട് ഞാനൊന്ന് ഞെട്ടി. ഞാന്‍ കഴിഞ്ഞയാഴ്ച്ച ഒരു പാലക്കാട്ടുകാരിയെ പ്രപ്പോസ് ചെയ്തത് വീട്ടില്‍ അറിഞ്ഞു! ജീവിതം ദാ തീര്‍ന്നു!! ഇവിടുത്തെ മലയാളി നായിന്റെ മക്കളെയെല്ലാം ഞാന്‍ ഇന്ന് ശരിയാക്കും എന്ന് മനസില്‍ വിചാരിച്ച് ഞാന്‍ ചോദിച്ചു:
"എന്താ വിശേഷം?"
"ഇന്ന് ഏതോ ഒരു സേവ് ഷര്‍മിള മാര്‍ച്ച് അവിടെ നടക്കുന്നു എന്ന് ഞാന്‍ പത്രത്തില്‍ വായിച്ചു. നീ അങ്ങോട്ടൊന്നും പോകേണ്ട. ചുമ്മാതെ വേണ്ടാത്ത പൊല്ലാപ്പ് ഒന്നും പിടിച്ച് വെയ്ക്കേണ്ട."

എനിക്കാശ്വാസമായി. ഒരാളെങ്കിലും ഞാന്‍ മാര്‍ച്ചിന് പോകേണ്ട എന്ന് പറഞ്ഞല്ലോ. ഭംഗിവാക്കുകള്‍ പറഞ്ഞ് ഫോണ്‍ വെച്ച് ഞാന്‍ പല്ലുതേയ്ക്കാന്‍ പോയി. അപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു മണിപ്പൂരികളുടെ തലവന്‍ പൂക്ക്‌ളംബം സതീഷ് സിംഗ്. പടച്ചോനെ!! കുടുങ്ങിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ വാഷ് ബെയിസിനിലേക്ക് നടന്നടുത്തു.
"ഗുഡ് മോര്‍ണിംഗ് ബ്രദര്‍."
സതീഷ് പറഞ്ഞു.
ങാ, എങ്കില്‍ അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞാന്‍ പല്ലുരയ്ക്കാന്‍ തുടങ്ങി. ഇനി ഇവന്‍ മണിപ്പൂരിയാകാന്‍ പറഞ്ഞാല്‍ മൂക്ക് അടുച്ചുപരത്തി കണ്ണ് കുറച്ച് തുറന്നുവെയ്ക്കേണ്ടി വരും. രാവിലെ സെല്‍‌വന്‍ എന്നെ തമിഴനാക്കി, നിര്‍മല്‍ എന്നെ സഖാവും, ഇനി ഇവന്‍ എന്നെ മണിപ്പൂരിയാക്കും എന്ന ഭാവത്തില്‍ ഞാന്‍ പല്ലുരപ്പ് തുടര്‍ന്നു.

എന്നെ ഞെട്ടിച്ചുകൊണ്ട് 'സി. യു ഇന്‍ ക്ലാസ്' എന്നും പറഞ്ഞ് അവന്‍ നടന്നകന്നു. ഞാന്‍ എന്റെ ബുദ്ധിജീവിലോകത്തില്‍ അവന്റെ ഈ പെരുമാറ്റത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി അലയാന്‍ തുടങ്ങി. ഇവനിത് എന്തുപറ്റി, ഷര്‍മിള ഇനി താമസം മണിപ്പൂരില്‍ നിന്നും മാറ്റിയോ!! എന്നൊക്കെ ആലോചിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ ആന്ദ്രക്കാരന്‍ സുഹൃത്ത് സുന്ദര്‍ വന്നു. അവന്റെ കാര്യം ആകെ രസമാണ്. സര്‍ട്ടിഫിക്കറ്റില്‍ പേര് സുന്ദര്‍ തോമസ്, എല്ലാവരോടും പറയുന്നത് സുന്ദര്‍ കുമാര്‍ എന്നും. റിസര്‍‌വേഷന്റേയും മൈനോറിറ്റി സ്റ്റാറ്റസിന്റേയും ഓരോ മറിമായങ്ങളെ എന്നും വിചാരിച്ച് ഞാന്‍ അവനെ നോക്കി നിന്നു.
അവന്‍ അടുത്തു വന്നു പറഞ്ഞു.
"ഭയ്യാ നിങ്ങള്‍ ഇന്ന് ഫ്രീ അല്ലേ?"
ദൈവമേ കുടുങ്ങി, ഞാന്‍ പറഞ്ഞു:
"നീ ആദ്യം കാര്യം പറ, പിന്നെ പറയാം ഞാന്‍ ഫ്രീ ആണോ അല്ലയോന്ന്"
 അവന്‍ തുടര്‍ന്നു.
"അത് ഇന്ന് സേവ് ഷര്‍മിള മാര്‍ച്ച് ഉണ്ടല്ലോ, അതില്‍ വരണം."
ഇവനെക്കൊണ്ട് നമുക്ക് പ്രത്യേകം ഉപകാരം ഉന്നും ഉണ്ടാകാറില്ല. ഇനി ഞാന്‍ ഇലക്ഷന് നിന്നാലും അവന്‍ മറുസ്ഥാനാര്‍ത്ഥിക്കെ കുത്തൂ. അതുകൊണ്ട് ഇവനോട് തട്ടിക്കയറാം, കുഴപ്പമില്ല. ഞാന്‍ പെട്ടെന്ന് കുറച്ച് ദേഷ്യം സംഭരിച്ച് ചോദിച്ചു.
"നിനക്കൊന്നും വേറെ പണിയില്ലേ? സേവ് ഷര്‍മിള മാര്‍ച്ച് പോലും. പോട ചെക്കാ, പോയി രണ്ടക്ഷരം പഠിക്ക്, ചുമ്മാതെ മാര്‍ച്ചാന്‍ നടക്കുവാ. കഴിഞ്ഞ കൊല്ലം നിന്നോടൊക്കെ ഷര്‍മിളയെപറ്റിയുള്ള ഒരു സെമിനാറിന് വരാന്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു നിന്റെയൊക്കെ ഭാവം. എനിക്ക് ഇതിനെന്നല്ല ഒന്നിനും വരാന്‍ താത്പര്യമില്ല."

ഇത് പറഞ്ഞ് അവനേയും വിട്ട് ഞാന്‍ മെസിലേക്ക് വന്നു. പോകും വഴി ഞാന്‍ ആലോചനയില്‍ മുഴുകി. കഴിഞ്ഞകൊല്ലം ഞാന്‍ ഷര്‍മിളയെക്കുറിച്ച് എത്ര ആര്‍ട്ടിക്കിളുകള്‍ എഴുതി. അത് എങ്ങും പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അതിനെപറ്റി ഒരു ഭംഗിവാക്കൊ പ്രശംസയോ എനിക്ക് ലഭിച്ചില്ല. ഞാന്‍ ഷര്‍മിളയെപറ്റി, അറ്റന്‍ഡ് ചെയ്ത് സെമിനാറുകളില്‍ പ്രഭാഷകനേയും കൂട്ടി പത്തുപേര്‍ കാണും. ഇന്ന് പത്രത്തില്‍ പടം വരും എന്നുകണ്ടപ്പോള്‍ ഇവനെല്ലാം ഷര്‍മിളയെ വേണം. അവര്‍ നിരാഹാരം കിടക്കുന്നത് ഇവനൊക്കെ ഇന്നാണോ അറിഞ്ഞത്? ഒരു നിമിഷം സതീഷിനോട് എനിക്ക് ബഹുമാനം തോന്നിപോയി. അവന്‍ അന്നും ഇന്നും ഇതിനെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. അവന്റെ സംഭാഷണങ്ങള്‍ മുഴുവന്‍ പുതിയ കമ്പ്യൂട്ടറിനെപറ്റിയും ഐ പോഡിനെ പറ്റിയും ക്യാമറയേയും പന്നിയിറച്ചിക്കറിയേയും പറ്റിയുള്ളതായിരുന്നു.

ഞാന്‍ നടന്ന് മെസ്സിലേക്ക് ചെന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥ. കുറച്ച് മണിപ്പൂരുകാര്‍ ഒരു വശത്തിരുന്ന് കഴിക്കുന്നു. ബാക്കി എല്ലാ ബഞ്ചുകളും കാലി. കുറച്ചുനേരം അത് കണ്ടുനിന്ന് മെസിന്റെ നടുക്കായി ഒരു കസേര വലിച്ചിട്ടിരുന്നു. ആഹാരം കൊണ്ടുതരാന്‍ ആരും വന്നില്ല. ഞാന്‍ ഗര്‍ജ്ജിച്ചു.
"മോഹന്‍‌ജി, രാജേഷ് ഭയ്യാ, നാരായണ്‍ ജി, ഇവിടെ ഭക്ഷണം തരാന്‍ ആരുമില്ലേ?"
 അതുകേട്ട് മോഹന്‍‌ജി എന്റെ മുന്നില്‍ ഒരു ഗ്ലാസ് പാല്‍ കൊണ്ടുവന്ന് വെച്ചു. ഞാന്‍ പാല്‍ കുടിക്കാനായി ഗ്ലാസ് എടുത്തു, കുറച്ച് വലിച്ച് കുടിച്ചു.
"ഇതിലെന്താ പഞ്ചസാര ഇട്ടില്ലേ?"ഞാന്‍ ചോദിച്ചു.
ഉടനെ മോഹന്‍‌ജി പഞ്ചസാരയുമായി വന്നു.
"ദാ പഞ്ചസാര."അയാള്‍ പറഞ്ഞു.
"ഞങ്ങള്‍ പഞ്ചസാര ഇടുമ്പോള്‍ മധുരം കൂടുന്നു, കുറയുന്നു എന്നൊക്കെ പരാതിയാ, ഇനി നിങ്ങള്‍ വേണ്ട പോലെ പഞ്ചസാരയിട്ട് കുടിച്ചോളൂ.."

നല്ല മെസ് മാനേജ്മെന്റ്, നിങ്ങള്‍ക്ക് എങ്ങനെ വേണോ, നിങ്ങളെ ഞങ്ങള്‍ അങ്ങനെ പരിചരിക്കുന്നു എന്ന് വ്യാകരണഭാഷയില്‍ പറയാം. നാടന്‍ ഭാഷയില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന് പറയും. പഞ്ചസാരയിട്ട് ഞാന്‍ പാലുകുടി തുടര്‍ന്നു. അടുത്ത സിപ്പെടുത്തു, അതുപോലെതന്നെ തുപ്പി.
"എന്താ ഈ പാല്‍ പിരിഞ്ഞതാണോ?"ഞാന്‍ ചോദിച്ചു.
ആ ചോദ്യം കേട്ട പണ്ഡിറ്റ്ജി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ബീഡി വലിക്കാനും വലിച്ച് കൊരയ്ക്കാനും മാത്രം നിയമിക്കപ്പെട്ട മെസ് മാനേജര്‍.
"എന്താ നിന്റെ പ്രശ്നം?"
ആ കല്‍ക്കരി തീവണ്ടി എന്നോട് ആരാഞ്ഞു.

ഞാന്‍ നാട്ടിലെ സമരാന്തിരീക്ഷം മനസിലേക്കാവാ‌ഹിച്ചു ചൂടായി.
"നിങ്ങളെന്താ മനുഷ്യനെ പട്ടിണിക്കിട്ട് കൊല്ലാനാണോ മെസ് നടത്തുന്നത്? മര്യാദയ്ക്ക് കഴിക്കാനൊന്നും ഇവിടെ കിട്ടില്ലേ?"
 അപ്പോള്‍ ദാ വരുന്നു മറുചോദ്യം.
"നിനക്ക് മാത്രമെന്താ ഇത്ര കുഴപ്പം? ഇന്ന് ഭക്ഷണം കഴിച്ച എല്ലാരും ഈ പിരിഞ്ഞ പാലും കുടിച്ചാ പോയേ. അവര്‍ക്കാര്‍ക്കുമില്ലാത്ത കുഴപ്പം നിനക്കെങ്ങനെയാ വന്നത്?"
ഒന്നും പറയാനില്ലാതെ ഞാന്‍ മെസിന് പുറത്തേക്കിറങ്ങി.

ഓ ഇന്നൊറ്റ ദിവസംകൊണ്ട് അവര്‍ ഷര്‍മിളയുടെ നിരാഹാരവും നിര്‍ത്തിച്ച് ആഫ്സ്പായും പിന്‍‌വലിച്ച് ഗ്ഗവണ്മെന്റിനേയും മറിച്ചിട്ട് വരും. മെസില്‍ പിരിഞ്ഞ പാല്‍ കൊടുത്തിട്ട് മിണ്ടാതെ കുടിച്ചോണ്ട് പോയവന്മാരാ ഇനി സമരം ചെയ്ത് ഷര്‍മിളയെ മോചിപ്പിക്കാന്‍ പോകുന്നത്. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് ക്ലാസുണ്ടെന്ന് ഞാന്‍ ഓര്‍ത്തത്. മറ്റുള്ള പ്രഭാത കര്‍മങ്ങളെല്ലാം നിര്‍‌വഹിച്ച് ഞാന്‍ ക്ലാസിലേക്ക് ഓടി.

ക്ലാസില്‍ പോകാന്‍ സൈക്കിളെടുത്തതും പുറകില്‍ നിന്നും ഒരു ശബ്ദം.
"സഖാവെ, ഒന്നു നില്‍ക്കണേ."
ഓ! ഇനി ഞാന്‍ സഖാവായത് എല്ലാ എസ്. എഫ്. ഐക്കാരും അറിഞ്ഞോ എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ഒരു അപരിചിതന്‍.
"നിങ്ങള്‍ പ്രകാശനല്ലേ?" അയാള്‍ ചോദിച്ചൂ.
 അതെ എന്നു ഞാന്‍ ഉത്തരം കൊടുത്തു. അയാള്‍ സംഭാഷണം മുമ്പോട്ട് കൊണ്ടുപോകാന്‍ തുടങ്ങി.
"ഞാന്‍ രാഘവ് ഡോളക്യ, ഞാനൊരു ഐസക്കാരനാണ്."
"ഓ എസ്. എഫ്. ഐയുടെ വര്‍ഗശത്രു ഇപ്പോല്‍ മുതലാളിത്തം അല്ല, ഐസ ആണെന്നുള്ള വാര്‍ത്ത് ഞാന്‍ പത്രം വായിച്ചറിഞ്ഞിരുന്നു. എന്നിരുന്നാലും ഞാന്‍ അവന് ചെവികൊടുത്തു.
അയാള്‍ തുടര്‍ന്നു.
"സര്‍, ഞാന്‍ താങ്കളെ സേവ് ഷര്‍മിള മാര്‍ച്ചിന് ക്ഷണിക്കാന്‍ വന്നതാണ്."
ഇനി രണ്ടുകൊല്ലം ഇവിടെ പഠിക്കാന്‍ ഉള്ളതല്ലേ, ഇവനെക്കൊണ്ട് ഉപകാരം വരുമെന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.
"ശരി. ഞാന്‍ എത്തിയേക്കാം. ഈ മാര്‍ച്ച് എത്ര മണിക്ക് തുടങ്ങും."
"മൂന്ന് മണിക്ക്."
അയാള്‍ ഉത്തരം തന്നു. കൂടെ ഒരു  ഉപകാരവും എന്നില്‍ നിന്നാവശ്യപ്പെട്ടു.
"സര്‍, ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഐസക്കാരനാണെന്ന് പറയണം."
"ശരി." എന്ന് പറഞ്ഞ് ഞാന്‍ ഹോസ്റ്റലിന്റെ പുറത്തേക്കിറങ്ങി. ചുരുക്കം പറഞ്ഞാല്‍ ഇതൊരു ചാക്കിട്ട് പിടുത്തമാണ്. എല്ലാ സ്ഥലക്കാരും മതക്കാരും പാര്‍ട്ടിക്കാരും ആശയക്കാരും ഇങ്ങനെ ചാക്കിട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. എന്റെ സൈക്കിള്‍ മെയിന്‍ റോഡില്‍ എത്തിയതും ചുവന്ന കുര്‍ത്തയും നീല ജീന്‍സും ധരിച്ച് മുടി ബോബ് ചെയ്ത ഒരു സുന്ദരി എന്റെ സൈക്കിളിന് കൈകാട്ടി. സാധാരണഗതിയില്‍ ഞാന്‍ അപ്പോഴേ ബ്രേക്ക് പിടിക്കുന്നതാണ്. പക്ഷേ അന്നത്തെ ആ ചിരിയുടേയും കൈകാണിക്കലിന്റേയും കെണി എനിക്ക് മനസിലായി. അതുകൊണ്ടുതന്നെ ഞാന്‍ സൈക്കിള്‍ നിര്‍ത്തിയില്ല.

ഒടുവില്‍ എങ്ങും തട്ടാതെയും മുട്ടാതെയും ഞാനെന്റെ സൈക്കിളിനെ ഫാക്കുല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സില്‍ എത്തിച്ചു. അപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു, നമ്മുടെ സഹപാഠി. രാജു ഗോസ്വാമി. അവന്‍ തന്റെ സ്ഥിരം ചോദ്യമെറിഞ്ഞു.
"ഇന്ന് എത്ര മണിവരെ ക്ലാസുണ്ട്?"
"മൂന്ന് മണി വരെ." ഞാന്‍ ഉത്തരം കൊടുത്തു.

അത് കേട്ടതും നൂറുവാട്ട് ബള്‍ബ് കത്തിച്ച പ്രകാശമുള്ള ചിരി അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു.
"അളിയാ, ഒരു സ്ഥലം വരെ ഒന്നു വരാമോ?"
"ക്ലാസ് കഴിഞ്ഞ് മതിയോ?"
"പിന്നെ ധാരാളം. അല്ലെങ്കിലും ആ പരിപാടി മൂന്ന് മണിക്കെ തുടങ്ങൂ."
അവന്റെ ആ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി. 'ദൈവമേ! ഇവനും ഷര്‍മിളയുടെ ആളാണല്ലേ? പക്ഷെ ഏത് പാര്‍ട്ടി? ഇവന്‍ ഒരു പാര്‍ട്ടിയിലും ഇല്ലല്ലോ.'
"ഡാ, അത് എന്തോ പാര്‍ട്ടി പരിപാടി അല്ലേ? നിനക്ക് പാര്‍ട്ടിയുണ്ടോ?" ഞാന്‍ ആരാഞ്ഞു.
അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്ക് അങ്ങനെ പ്രത്യേക പാര്‍ട്ടിയൊന്നുമില്ല. ഞാന്‍ എല്ലാ പാര്‍ട്ടിയുടേയും ആളാ, കൊണ്ടുചെല്ലുന്ന ആളിന്റെ എണ്ണമനുസരിച്ച് എനിക്ക് പേമെന്റ് കിട്ടും."
ശരിയെന്ന് പറഞ്ഞ് ഞാന്‍ അവിടെനിന്ന് ക്ലാസിലേക്ക് നടന്നു.
സമയം മൂന്ന് മണിയായി. ഫാക്കുലിറ്റിയുടെ പിന്‍‌വാതില്‍ വഴി ഒളിച്ചുകടക്കാന്‍ ശ്രമിച്ച എന്നെ ഗോസ്വാമി പിടികൂടി. ഒടുവില്‍ ഞാന്‍ അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാര്‍ച്ചാന്‍ പോയി. ആ മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു കടല്‍ തന്നെയായിരുന്നു. ഇറോം ഷര്‍മിളയുടെ മുഖം പതിച്ച ടീ ഷര്‍ട്ടുകളുടെ മഹാ സമുദ്രം. കഴിഞ്ഞ ദിവസം വരെ ടീ ഷര്‍ട്ടില്‍ പ്രത്യക്ഷപ്പെടാനുള്ള അവകാശം 'ചെ ഗുവേര' യ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ വിമോചനത്തിന്റെ അലകള്‍ ആ അലിഖിത കരാര്‍ കാറ്റില്‍ പറത്തി, വളരെ പെട്ടെന്ന ഷര്‍മിള ടീഷര്‍ട്ടുകള്‍ രംഗത്തെത്തി. ഡിമാന്റിന്റേയും സപ്ലേയുടേയും യുദ്ധത്തില്‍ ഡിമാന്റ് ജയിച്ചു. ഇറൊം ഷര്‍മിള ടീ ഷര്‍ട്ടുകള്‍ ചൂടപ്പം പോലെ വിറ്റുപോയി. ഷര്‍മിള റ്റീ ഷര്‍ട്ടുകള്‍ കിട്ടാത്തവര്‍ ചെ ഗുവേരയെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അവരുടെ ആശയങ്ങള്‍ ഒന്നുതന്നെയാണ് എന്നായിരുന്നു ഷര്‍മിള ടീ ഷര്‍ട്ട് ഇടാത്ത അവരുടെ ന്യായീകരണം. പക്ഷെ അവരില്‍ പലരും കൈകൊണ്ട് ടീഷറ്ട്ടിന്റെ മുന്‍‌വശം മറയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആശയങ്ങളിലെ  വൈരുദ്ധ്യം എനിക്ക് മനസിലായി.

മാര്‍ച്ച് തുടങ്ങിയപ്പോഴേ അടിപിടിയും തമ്മില്‍ തല്ലും കല്ലേറും മക്ഷി ഒഴിക്കലും തുടങ്ങി. പിറകെ ലാത്തി ചാര്‍ജും എത്തി. കുട്ടികാലത്ത് ഒളിച്ചിരിപ്പ് കളിച്ചത് അവിടെ ഉപകരിച്ചു. ഒരു മതിലിന് പിറകില്‍ ഞാന്‍ ഒളിച്ചിരുന്നു. പോലീസുകാരുടെ ലാത്തി ചാര്‍ജില്‍ നിന്നും വെടിവെയ്പ്പില്‍ നിന്നും ഞാന്‍ വിദഗ്ദമായി രക്ഷപെട്ടു. സംഭവങ്ങള്‍ അങ്ങനെ അവിറ്റെ അവസാനിച്ചു.

അടുത്ത ദിവസം രാവിലെ ഏഴേ മുപ്പതിന് പത്രം കിട്ടി. അതില്‍ നമ്മുടെ പല സഖാക്കന്മാരുടേയും സുഹൃത്തുക്കളുടേയും ഫോട്ടോയും പേരും ഉണ്‍റ്റായിരുന്നു. ഒരു ദിവസംകൊണ്ട് പണീര്‍ സെല്‍‌വം  മുതല്‍ ഗോസ്വാമി വരെ പ്രശസ്തന്മാരും സ്വാതന്ത്ര്യ സമര സേനാനികളുമായി. അവര്‍ തങ്ങളെ പ്രശസ്തരാക്കിയ ഫോട്ടോ അടങ്ങിയ പത്ര വാര്‍ത്തകള്‍ ഫോട്ടോ കോപ്പിയെടുത്ത് ഒട്ടിച്ച് ബിത്തികള്‍ വൃത്തികേടാക്കി.

ആ ദിവസവും കടന്നുപോയി, അങനെ അനേകം ദിവസങ്ങള്‍ കടന്നുപോയി. ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഷര്‍മിളയെപറ്റി ആരും സംസാരിക്കുന്നത് പിന്നെ ഞാന്‍ കേട്ടില്ല. നിരാ‌ഹാരമെന്നുപോലും ആരും ഉച്ചരിച്ചില്ല.

ഒരു ലോക സത്യം എന്റെ മുന്നില്‍ ചുരുളഴിഞ്ഞു.

Wednesday 1 February 2012

കറുപ്പ്

Ziyana Fazal,
Hans Raj College 
ziyanafazalpv@gmail.com



ഈ ജന്മത്തിന്‍റേയും, വരും ജന്മത്തിന്‍റെയും
കൈയ്യെഴുത്ത് പ്രതി അവള്‍ കുറിച്ചിട്ടത്
കറുപ്പ് നിറത്തിലാണ്.
അവള്‍ക്കേറ്റും പ്രിയപ്പെട്ട വര്‍‌ണം.

നാള്‍ ഇതുവരെ കണ്ടതില്‍,
ഏറ്റവും സുന്ദരന്‍
കറുത്തവനാണ്.

ഒന്നു വിശ്വസിക്കൂ,
സ്വന്തത്തെ എന്നും കറുപ്പില്‍ നിര്‍‌വചിച്ചിട്ടുണ്ട്
തെല്ലും അലോസരം കൂടാതെ..

അവളും സുന്ദരിയാണ്.
കറുത്ത കണ്ണ്, തലമുടി, മേനി എന്നു വേണ്ട
മനസ്സും വാക്കും വരെ കറുപ്പില്‍ സുന്ദരമല്ലേ?

കുഞ്ഞാകും മുതല്‍, ഇരുട്ടിന്‍റെ കറുപ്പിനോട്
ദേഹം പറ്റി ഉറങ്ങിയിട്ടുണ്ട്,
ഗാഡ്ഠമായി..

എന്‍റെ പ്രണയമേ,
നിന്നെ ഞാന്‍ വരച്ചതും ആ കറുപ്പിലല്ലേ?

എന്നിട്ടും, ആ നിറം അഴലോടടുത്തതാണെന്ന് പറയാന്‍?

ഇരുട്ടുമായി ഒരു ദീര്‍ഘസംഭാഷണത്തിനു ശേഷം..

വെളുപ്പ്:-

ഓരോ രാത്രിയിലും
തന്‍റെ ഉറക്കത്തിന് കാവലിരിക്കുന്ന
ഇരുട്ടിനെ
തിരിച്ചറിയാത്തിടത്തോളം കാലം,
കറുത്ത ഹൃദയമെ,
നിന്‍റെ പ്രണയത്തെ
ഞാനും തിരിച്ചറിയുകയില്ല...

പോ......!