Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Friday, 3 February 2012

വിമോചനത്തിന്റെ ഒരു പകല്‍


Agney G.K
MA History, Hindu College
gkagny@gmail.com


ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു.മുറിയുടെ കതകിലാരോ ശക്തമായി മുട്ടുന്നു. മുട്ടുന്നവനെ മനസ്സില്‍ പ്രാകി, കട്ടിലില്‍ നിന്നും താഴേക്കിറങ്ങി, കതക് തുറന്നു. തുറന്നപ്പോള്‍ അതാ നില്‍ക്കുന്നു തമിഴന്‍ പണ്ണീര്‍ സെല്‍‌വം, അവന്‍ ഇംഗ്ഗ്ലീഷ് ഒപ്പിച്ചൊപ്പിച്ച് സംസാരിക്കാന്‍ തുടങ്ങി.
 "അണ്ണാ! ഇന്നാണ് ആ മണിപ്പൂരിലെ ഇറോം ഷര്‍മിളയുടെ സമരം."
ഞാന്‍ ഒന്ന് മൂരി നിവര്‍ത്തി എന്നിട്ട് ചോദിച്ചു.
"ആര്, ആരുടെ സമരം, എന്തിന്?"
അവന്‍ തുടര്‍ന്നു.
"അണ്ണാ അത് ആ ഇറോം ഷര്‍മിള ഇല്ലേ? അവരുടെ നിരാഹാരത്തെ സപ്പോര്‍ട്ട് ചെയ്യുന്ന സമരം."
ആ ശരി എന്നു പറഞ്ഞ് ഞാന്‍ കതകടച്ചു. വീണ്ടും ആരോ കതകില്‍ മുട്ടി. ഞാന്‍ ചോദിച്ചു.
"ആരാ അത്?"
അപ്പോള്‍ കതകിന് പിറകില്‍ നിന്നും ആ അജ്ഞാതന്‍,
"അണ്ണാ നാന്‍ താന്‍ പണ്ണീര്‍ സെല്‍വം."
ഈ നായിന്റെ മോന്‍ ഇതുവരെ പോയില്ലെ എന്ന് മനസ്സില്‍ പറഞ്ഞ് 'ചിരിച്ച' മുഖവുമായി കതക് തുറന്നു.(അടുത്ത ഹോസ്റ്റല്‍ ഇലക്ഷന് സെക്രട്ടറിയായി മത്സരിക്കാനുള്ളതാ, അവനോട് മുഖം കറുപ്പിച്ചാല്‍ തമിളിസ്ഥാന്റെ വോട്ട് മുഴുവന്‍ ഗോവിന്ദ!!)
"നിനക്ക് എന്തു വേണം?"
അവന്‍ ചോദിച്ചു:
"അണ്ണന്‍ വരുന്നില്ലേ! സാധാരണ ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിങ്ങള്‍ ഭയങ്കര ആക്ടീവാണല്ലോ!! അതൊ ഇനി അണ്ണന്‍ എ.ബി.വി.പി യില്‍  ചേര്‍ന്നോ?"
ഞാന്‍ പറഞ്ഞു.
"സെല്‍‌വാ എനിക്ക് ഇന്ന് എന്തോ ഒരു സുഖം തോനുന്നില്ല, നീ പോയിട്ടു വാ."

ഞാന്‍ കട്ടിലിലേക്ക് മടങ്ങി, അടുത്തിരിക്കുന്ന വാച്ചെടുത്ത് സമയം നോക്കി, സമയം രാവിലെ അഞ്ചുമണി. ഇവന് ഇന്ന് എന്താ പറ്റിയത്, ഈ യൂണിവേഴ്സിറ്റിയില്‍ ഇറോം ഷര്‍മിളയേപ്പെറ്റി എത്രയോ സെമിനാറുകള്‍ നടന്നു. സെല്‍‌വനെ പോയിട്ട്, ഒരു തമിളിസ്ഥാന്‍ കുടുംബക്കാരനേയും ഞാന്‍ ആ പരിസരത്ത് കണ്ടിട്ടില്ല. എന്തെങ്കിലുമാകട്ടെ എന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞുകിടന്നു.

ഒന്ന് മയക്കം പിടിച്ചുവന്നപ്പോള്‍ ഫോണ്‍ കിടന്ന് കരയാന്‍ തുടങ്ങി. സമയം എട്ടുമണിയായി. ഇനി വല്ലതും കഴിക്കാം എന്നു വിചാരിച്ചുണര്‍ന്ന് ഫോണ്‍ എടുത്തുനോക്കി. അലാറം അടിച്ചതല്ല, ആരോ വിളിക്കുകയാണ്. ഞാന്‍ ഫോണ്‍ എടുത്തു. മറുവശത്തെ ശബ്ദം ആരാഞ്ഞു.
"പ്രകാശേട്ടനല്ലേ?"
ഞാന്‍ പറഞ്ഞു.
"അതെ, ആരാ സംസാരിക്കുന്നത്?"
ഉത്തരം വന്നതിങ്ങനെയായിരുന്നു.
"ഞാന്‍ എസ്.എഫ്.ഐയുടെ സഖാവ് നിര്‍മല്‍. നമ്മള്‍ ഓണത്തിന് പരിചയപ്പെട്ടിരുന്നു. ഓര്‍മയുണ്ടോ?"
ഇന്നലെ കണ്ടവരെ ഇന്ന് ഓര്‍ക്കാത്ത ഞാനാ!!
എങ്കിലും സഖാവിനെ നിരാശപ്പെടുത്തേണ്ട എന്നു വിചാരിച്ച് ഞാന്‍ പറഞ്ഞു.
"ആ ഓര്‍ക്കുന്നുണ്ട്, എന്തൊക്കെയുണ്ട് വിശേഷം?"
"സുഖമായിരിക്കുന്നു സഖാവെ, ഒരു കാര്യം പറയാനാ വിളിച്ചത്, ഇന്ന് 'സേവ് ഇറോം ഷര്‍മിള' എന്ന ഒരു മാര്‍ച്ച് ഞങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്, സഖാവ് വരണം."
ഇതായിരുന്നു ആ ഫോണിലെ വ്യക്തിയുടെ ആവശ്യം.

ഇവന്‍ നാളെ വല്ല മന്ത്രിയോ മറ്റോ ആയാല്‍ ഉപകരിക്കും എന്നു വിചാരിച്ചു ഞാന്‍ പറഞ്ഞു.
"ശരി സഖാവെ, ഞാന്‍ വന്നേക്കാം."
അതുകേട്ടപ്പോള്‍ സഖാവ് നിര്‍മല്‍ അടുത്ത ആവശ്യം മുന്നോട്ട് വെച്ചു.
"അതെ സഖാവെ, ആരെങ്കിലും ചോദിച്ചാല്‍ താങ്കള്‍ എസ്. എഫ്.ഐ യിലെ സഖാവ് നിര്‍മലിന്റെ ഒപ്പം വന്നതാണെന്ന് പറയണം."
ശരിയെന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

അമ്മാത്തുകാര്‍ വലിയ സി.പി.എമ്മുകാരാണെന്ന് കേട്ടിട്ടുണ്ട്, പക്ഷെ അടുക്കളയില്‍ പുതിയ കറികള്‍ ഉണ്ടാക്കുന്നതല്ലാതെ ഞാന്‍ അമ്മയില്‍ മറ്റ് വിപ്ലവങ്ങള്‍ ഒന്നും കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഞാനും ഒരു വിപ്ലവകാരിയല്ല.

എത്ര പെട്ടെന്നാണ് ഞാന്‍ ഒരു സഖാവായത്? നിമിഷനേരംകൊണ്ട്. കണ്ണടച്ച് തുറക്കുന്ന മാത്രയില്‍ വെറും പ്രകാശന്‍, സഖാവ് പ്രകാശനായി. ഇനി ഒരു കാരാട്ടുകൂടി അറ്റത്തുചേര്‍ത്താല്‍ പി.ബിയില്‍ ഒരു സ്ഥാനം ഉറപ്പാ..

ഒടുവില്‍ അങ്ങനെ എട്ടുമണിയായി.വീണ്ടും ഫോണ്‍ കിടന്നു കരയാന്‍ തുടങ്ങി. വീട്ടില്‍ നിന്നും അച്ഛന്റെ വിളി. ഇനി മൂപ്പര്‍ക്ക് എന്താ വേണ്ടത്? എന്തായാലും സേവ് ഷര്‍മിള ആകല്ലെ എന്ന് പ്രാര്‍ത്ഥിച്ച് ഞാന്‍ ഫോണെടുത്തു.
"ഹലോ എന്തൊക്കെയാ വീട്ടില്‍ വിശേഷം"
"ഓ, ഇവിടെ എന്തു വിശേഷം വരാനാ! വിശേഷമൊക്കെ അവിടയല്ലേ?"
ആ മറുപടികേട്ട് ഞാനൊന്ന് ഞെട്ടി. ഞാന്‍ കഴിഞ്ഞയാഴ്ച്ച ഒരു പാലക്കാട്ടുകാരിയെ പ്രപ്പോസ് ചെയ്തത് വീട്ടില്‍ അറിഞ്ഞു! ജീവിതം ദാ തീര്‍ന്നു!! ഇവിടുത്തെ മലയാളി നായിന്റെ മക്കളെയെല്ലാം ഞാന്‍ ഇന്ന് ശരിയാക്കും എന്ന് മനസില്‍ വിചാരിച്ച് ഞാന്‍ ചോദിച്ചു:
"എന്താ വിശേഷം?"
"ഇന്ന് ഏതോ ഒരു സേവ് ഷര്‍മിള മാര്‍ച്ച് അവിടെ നടക്കുന്നു എന്ന് ഞാന്‍ പത്രത്തില്‍ വായിച്ചു. നീ അങ്ങോട്ടൊന്നും പോകേണ്ട. ചുമ്മാതെ വേണ്ടാത്ത പൊല്ലാപ്പ് ഒന്നും പിടിച്ച് വെയ്ക്കേണ്ട."

എനിക്കാശ്വാസമായി. ഒരാളെങ്കിലും ഞാന്‍ മാര്‍ച്ചിന് പോകേണ്ട എന്ന് പറഞ്ഞല്ലോ. ഭംഗിവാക്കുകള്‍ പറഞ്ഞ് ഫോണ്‍ വെച്ച് ഞാന്‍ പല്ലുതേയ്ക്കാന്‍ പോയി. അപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു മണിപ്പൂരികളുടെ തലവന്‍ പൂക്ക്‌ളംബം സതീഷ് സിംഗ്. പടച്ചോനെ!! കുടുങ്ങിയല്ലോ എന്ന് മനസ്സില്‍ വിചാരിച്ച് ഞാന്‍ വാഷ് ബെയിസിനിലേക്ക് നടന്നടുത്തു.
"ഗുഡ് മോര്‍ണിംഗ് ബ്രദര്‍."
സതീഷ് പറഞ്ഞു.
ങാ, എങ്കില്‍ അങ്ങനെയാകട്ടെ എന്നും പറഞ്ഞ് ഞാന്‍ പല്ലുരയ്ക്കാന്‍ തുടങ്ങി. ഇനി ഇവന്‍ മണിപ്പൂരിയാകാന്‍ പറഞ്ഞാല്‍ മൂക്ക് അടുച്ചുപരത്തി കണ്ണ് കുറച്ച് തുറന്നുവെയ്ക്കേണ്ടി വരും. രാവിലെ സെല്‍‌വന്‍ എന്നെ തമിഴനാക്കി, നിര്‍മല്‍ എന്നെ സഖാവും, ഇനി ഇവന്‍ എന്നെ മണിപ്പൂരിയാക്കും എന്ന ഭാവത്തില്‍ ഞാന്‍ പല്ലുരപ്പ് തുടര്‍ന്നു.

എന്നെ ഞെട്ടിച്ചുകൊണ്ട് 'സി. യു ഇന്‍ ക്ലാസ്' എന്നും പറഞ്ഞ് അവന്‍ നടന്നകന്നു. ഞാന്‍ എന്റെ ബുദ്ധിജീവിലോകത്തില്‍ അവന്റെ ഈ പെരുമാറ്റത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി അലയാന്‍ തുടങ്ങി. ഇവനിത് എന്തുപറ്റി, ഷര്‍മിള ഇനി താമസം മണിപ്പൂരില്‍ നിന്നും മാറ്റിയോ!! എന്നൊക്കെ ആലോചിച്ച് നില്‍ക്കുമ്പോള്‍ നമ്മുടെ ആന്ദ്രക്കാരന്‍ സുഹൃത്ത് സുന്ദര്‍ വന്നു. അവന്റെ കാര്യം ആകെ രസമാണ്. സര്‍ട്ടിഫിക്കറ്റില്‍ പേര് സുന്ദര്‍ തോമസ്, എല്ലാവരോടും പറയുന്നത് സുന്ദര്‍ കുമാര്‍ എന്നും. റിസര്‍‌വേഷന്റേയും മൈനോറിറ്റി സ്റ്റാറ്റസിന്റേയും ഓരോ മറിമായങ്ങളെ എന്നും വിചാരിച്ച് ഞാന്‍ അവനെ നോക്കി നിന്നു.
അവന്‍ അടുത്തു വന്നു പറഞ്ഞു.
"ഭയ്യാ നിങ്ങള്‍ ഇന്ന് ഫ്രീ അല്ലേ?"
ദൈവമേ കുടുങ്ങി, ഞാന്‍ പറഞ്ഞു:
"നീ ആദ്യം കാര്യം പറ, പിന്നെ പറയാം ഞാന്‍ ഫ്രീ ആണോ അല്ലയോന്ന്"
 അവന്‍ തുടര്‍ന്നു.
"അത് ഇന്ന് സേവ് ഷര്‍മിള മാര്‍ച്ച് ഉണ്ടല്ലോ, അതില്‍ വരണം."
ഇവനെക്കൊണ്ട് നമുക്ക് പ്രത്യേകം ഉപകാരം ഉന്നും ഉണ്ടാകാറില്ല. ഇനി ഞാന്‍ ഇലക്ഷന് നിന്നാലും അവന്‍ മറുസ്ഥാനാര്‍ത്ഥിക്കെ കുത്തൂ. അതുകൊണ്ട് ഇവനോട് തട്ടിക്കയറാം, കുഴപ്പമില്ല. ഞാന്‍ പെട്ടെന്ന് കുറച്ച് ദേഷ്യം സംഭരിച്ച് ചോദിച്ചു.
"നിനക്കൊന്നും വേറെ പണിയില്ലേ? സേവ് ഷര്‍മിള മാര്‍ച്ച് പോലും. പോട ചെക്കാ, പോയി രണ്ടക്ഷരം പഠിക്ക്, ചുമ്മാതെ മാര്‍ച്ചാന്‍ നടക്കുവാ. കഴിഞ്ഞ കൊല്ലം നിന്നോടൊക്കെ ഷര്‍മിളയെപറ്റിയുള്ള ഒരു സെമിനാറിന് വരാന്‍ പറഞ്ഞപ്പോള്‍ എന്തായിരുന്നു നിന്റെയൊക്കെ ഭാവം. എനിക്ക് ഇതിനെന്നല്ല ഒന്നിനും വരാന്‍ താത്പര്യമില്ല."

ഇത് പറഞ്ഞ് അവനേയും വിട്ട് ഞാന്‍ മെസിലേക്ക് വന്നു. പോകും വഴി ഞാന്‍ ആലോചനയില്‍ മുഴുകി. കഴിഞ്ഞകൊല്ലം ഞാന്‍ ഷര്‍മിളയെക്കുറിച്ച് എത്ര ആര്‍ട്ടിക്കിളുകള്‍ എഴുതി. അത് എങ്ങും പ്രസിദ്ധീകരിക്കപ്പെട്ടില്ല എന്നു മാത്രമല്ല, അതിനെപറ്റി ഒരു ഭംഗിവാക്കൊ പ്രശംസയോ എനിക്ക് ലഭിച്ചില്ല. ഞാന്‍ ഷര്‍മിളയെപറ്റി, അറ്റന്‍ഡ് ചെയ്ത് സെമിനാറുകളില്‍ പ്രഭാഷകനേയും കൂട്ടി പത്തുപേര്‍ കാണും. ഇന്ന് പത്രത്തില്‍ പടം വരും എന്നുകണ്ടപ്പോള്‍ ഇവനെല്ലാം ഷര്‍മിളയെ വേണം. അവര്‍ നിരാഹാരം കിടക്കുന്നത് ഇവനൊക്കെ ഇന്നാണോ അറിഞ്ഞത്? ഒരു നിമിഷം സതീഷിനോട് എനിക്ക് ബഹുമാനം തോന്നിപോയി. അവന്‍ അന്നും ഇന്നും ഇതിനെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. അവന്റെ സംഭാഷണങ്ങള്‍ മുഴുവന്‍ പുതിയ കമ്പ്യൂട്ടറിനെപറ്റിയും ഐ പോഡിനെ പറ്റിയും ക്യാമറയേയും പന്നിയിറച്ചിക്കറിയേയും പറ്റിയുള്ളതായിരുന്നു.

ഞാന്‍ നടന്ന് മെസ്സിലേക്ക് ചെന്നു. ആളൊഴിഞ്ഞ പൂരപ്പറമ്പിന്റെ അവസ്ഥ. കുറച്ച് മണിപ്പൂരുകാര്‍ ഒരു വശത്തിരുന്ന് കഴിക്കുന്നു. ബാക്കി എല്ലാ ബഞ്ചുകളും കാലി. കുറച്ചുനേരം അത് കണ്ടുനിന്ന് മെസിന്റെ നടുക്കായി ഒരു കസേര വലിച്ചിട്ടിരുന്നു. ആഹാരം കൊണ്ടുതരാന്‍ ആരും വന്നില്ല. ഞാന്‍ ഗര്‍ജ്ജിച്ചു.
"മോഹന്‍‌ജി, രാജേഷ് ഭയ്യാ, നാരായണ്‍ ജി, ഇവിടെ ഭക്ഷണം തരാന്‍ ആരുമില്ലേ?"
 അതുകേട്ട് മോഹന്‍‌ജി എന്റെ മുന്നില്‍ ഒരു ഗ്ലാസ് പാല്‍ കൊണ്ടുവന്ന് വെച്ചു. ഞാന്‍ പാല്‍ കുടിക്കാനായി ഗ്ലാസ് എടുത്തു, കുറച്ച് വലിച്ച് കുടിച്ചു.
"ഇതിലെന്താ പഞ്ചസാര ഇട്ടില്ലേ?"ഞാന്‍ ചോദിച്ചു.
ഉടനെ മോഹന്‍‌ജി പഞ്ചസാരയുമായി വന്നു.
"ദാ പഞ്ചസാര."അയാള്‍ പറഞ്ഞു.
"ഞങ്ങള്‍ പഞ്ചസാര ഇടുമ്പോള്‍ മധുരം കൂടുന്നു, കുറയുന്നു എന്നൊക്കെ പരാതിയാ, ഇനി നിങ്ങള്‍ വേണ്ട പോലെ പഞ്ചസാരയിട്ട് കുടിച്ചോളൂ.."

നല്ല മെസ് മാനേജ്മെന്റ്, നിങ്ങള്‍ക്ക് എങ്ങനെ വേണോ, നിങ്ങളെ ഞങ്ങള്‍ അങ്ങനെ പരിചരിക്കുന്നു എന്ന് വ്യാകരണഭാഷയില്‍ പറയാം. നാടന്‍ ഭാഷയില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിയ്ക്ക് പുറത്ത് എന്ന് പറയും. പഞ്ചസാരയിട്ട് ഞാന്‍ പാലുകുടി തുടര്‍ന്നു. അടുത്ത സിപ്പെടുത്തു, അതുപോലെതന്നെ തുപ്പി.
"എന്താ ഈ പാല്‍ പിരിഞ്ഞതാണോ?"ഞാന്‍ ചോദിച്ചു.
ആ ചോദ്യം കേട്ട പണ്ഡിറ്റ്ജി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ബീഡി വലിക്കാനും വലിച്ച് കൊരയ്ക്കാനും മാത്രം നിയമിക്കപ്പെട്ട മെസ് മാനേജര്‍.
"എന്താ നിന്റെ പ്രശ്നം?"
ആ കല്‍ക്കരി തീവണ്ടി എന്നോട് ആരാഞ്ഞു.

ഞാന്‍ നാട്ടിലെ സമരാന്തിരീക്ഷം മനസിലേക്കാവാ‌ഹിച്ചു ചൂടായി.
"നിങ്ങളെന്താ മനുഷ്യനെ പട്ടിണിക്കിട്ട് കൊല്ലാനാണോ മെസ് നടത്തുന്നത്? മര്യാദയ്ക്ക് കഴിക്കാനൊന്നും ഇവിടെ കിട്ടില്ലേ?"
 അപ്പോള്‍ ദാ വരുന്നു മറുചോദ്യം.
"നിനക്ക് മാത്രമെന്താ ഇത്ര കുഴപ്പം? ഇന്ന് ഭക്ഷണം കഴിച്ച എല്ലാരും ഈ പിരിഞ്ഞ പാലും കുടിച്ചാ പോയേ. അവര്‍ക്കാര്‍ക്കുമില്ലാത്ത കുഴപ്പം നിനക്കെങ്ങനെയാ വന്നത്?"
ഒന്നും പറയാനില്ലാതെ ഞാന്‍ മെസിന് പുറത്തേക്കിറങ്ങി.

ഓ ഇന്നൊറ്റ ദിവസംകൊണ്ട് അവര്‍ ഷര്‍മിളയുടെ നിരാഹാരവും നിര്‍ത്തിച്ച് ആഫ്സ്പായും പിന്‍‌വലിച്ച് ഗ്ഗവണ്മെന്റിനേയും മറിച്ചിട്ട് വരും. മെസില്‍ പിരിഞ്ഞ പാല്‍ കൊടുത്തിട്ട് മിണ്ടാതെ കുടിച്ചോണ്ട് പോയവന്മാരാ ഇനി സമരം ചെയ്ത് ഷര്‍മിളയെ മോചിപ്പിക്കാന്‍ പോകുന്നത്. അങ്ങനെ ആലോചിച്ചിരുന്നപ്പോഴാണ് ക്ലാസുണ്ടെന്ന് ഞാന്‍ ഓര്‍ത്തത്. മറ്റുള്ള പ്രഭാത കര്‍മങ്ങളെല്ലാം നിര്‍‌വഹിച്ച് ഞാന്‍ ക്ലാസിലേക്ക് ഓടി.

ക്ലാസില്‍ പോകാന്‍ സൈക്കിളെടുത്തതും പുറകില്‍ നിന്നും ഒരു ശബ്ദം.
"സഖാവെ, ഒന്നു നില്‍ക്കണേ."
ഓ! ഇനി ഞാന്‍ സഖാവായത് എല്ലാ എസ്. എഫ്. ഐക്കാരും അറിഞ്ഞോ എന്ന് ചിന്തിച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ അതാ ഒരു അപരിചിതന്‍.
"നിങ്ങള്‍ പ്രകാശനല്ലേ?" അയാള്‍ ചോദിച്ചൂ.
 അതെ എന്നു ഞാന്‍ ഉത്തരം കൊടുത്തു. അയാള്‍ സംഭാഷണം മുമ്പോട്ട് കൊണ്ടുപോകാന്‍ തുടങ്ങി.
"ഞാന്‍ രാഘവ് ഡോളക്യ, ഞാനൊരു ഐസക്കാരനാണ്."
"ഓ എസ്. എഫ്. ഐയുടെ വര്‍ഗശത്രു ഇപ്പോല്‍ മുതലാളിത്തം അല്ല, ഐസ ആണെന്നുള്ള വാര്‍ത്ത് ഞാന്‍ പത്രം വായിച്ചറിഞ്ഞിരുന്നു. എന്നിരുന്നാലും ഞാന്‍ അവന് ചെവികൊടുത്തു.
അയാള്‍ തുടര്‍ന്നു.
"സര്‍, ഞാന്‍ താങ്കളെ സേവ് ഷര്‍മിള മാര്‍ച്ചിന് ക്ഷണിക്കാന്‍ വന്നതാണ്."
ഇനി രണ്ടുകൊല്ലം ഇവിടെ പഠിക്കാന്‍ ഉള്ളതല്ലേ, ഇവനെക്കൊണ്ട് ഉപകാരം വരുമെന്നോര്‍ത്ത് ഞാന്‍ പറഞ്ഞു.
"ശരി. ഞാന്‍ എത്തിയേക്കാം. ഈ മാര്‍ച്ച് എത്ര മണിക്ക് തുടങ്ങും."
"മൂന്ന് മണിക്ക്."
അയാള്‍ ഉത്തരം തന്നു. കൂടെ ഒരു  ഉപകാരവും എന്നില്‍ നിന്നാവശ്യപ്പെട്ടു.
"സര്‍, ആരെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ ഐസക്കാരനാണെന്ന് പറയണം."
"ശരി." എന്ന് പറഞ്ഞ് ഞാന്‍ ഹോസ്റ്റലിന്റെ പുറത്തേക്കിറങ്ങി. ചുരുക്കം പറഞ്ഞാല്‍ ഇതൊരു ചാക്കിട്ട് പിടുത്തമാണ്. എല്ലാ സ്ഥലക്കാരും മതക്കാരും പാര്‍ട്ടിക്കാരും ആശയക്കാരും ഇങ്ങനെ ചാക്കിട്ട് പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. എന്റെ സൈക്കിള്‍ മെയിന്‍ റോഡില്‍ എത്തിയതും ചുവന്ന കുര്‍ത്തയും നീല ജീന്‍സും ധരിച്ച് മുടി ബോബ് ചെയ്ത ഒരു സുന്ദരി എന്റെ സൈക്കിളിന് കൈകാട്ടി. സാധാരണഗതിയില്‍ ഞാന്‍ അപ്പോഴേ ബ്രേക്ക് പിടിക്കുന്നതാണ്. പക്ഷേ അന്നത്തെ ആ ചിരിയുടേയും കൈകാണിക്കലിന്റേയും കെണി എനിക്ക് മനസിലായി. അതുകൊണ്ടുതന്നെ ഞാന്‍ സൈക്കിള്‍ നിര്‍ത്തിയില്ല.

ഒടുവില്‍ എങ്ങും തട്ടാതെയും മുട്ടാതെയും ഞാനെന്റെ സൈക്കിളിനെ ഫാക്കുല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സില്‍ എത്തിച്ചു. അപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു, നമ്മുടെ സഹപാഠി. രാജു ഗോസ്വാമി. അവന്‍ തന്റെ സ്ഥിരം ചോദ്യമെറിഞ്ഞു.
"ഇന്ന് എത്ര മണിവരെ ക്ലാസുണ്ട്?"
"മൂന്ന് മണി വരെ." ഞാന്‍ ഉത്തരം കൊടുത്തു.

അത് കേട്ടതും നൂറുവാട്ട് ബള്‍ബ് കത്തിച്ച പ്രകാശമുള്ള ചിരി അവന്റെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. അവന്‍ പറഞ്ഞു.
"അളിയാ, ഒരു സ്ഥലം വരെ ഒന്നു വരാമോ?"
"ക്ലാസ് കഴിഞ്ഞ് മതിയോ?"
"പിന്നെ ധാരാളം. അല്ലെങ്കിലും ആ പരിപാടി മൂന്ന് മണിക്കെ തുടങ്ങൂ."
അവന്റെ ആ ഉത്തരം കേട്ട് ഞാന്‍ ഞെട്ടി. 'ദൈവമേ! ഇവനും ഷര്‍മിളയുടെ ആളാണല്ലേ? പക്ഷെ ഏത് പാര്‍ട്ടി? ഇവന്‍ ഒരു പാര്‍ട്ടിയിലും ഇല്ലല്ലോ.'
"ഡാ, അത് എന്തോ പാര്‍ട്ടി പരിപാടി അല്ലേ? നിനക്ക് പാര്‍ട്ടിയുണ്ടോ?" ഞാന്‍ ആരാഞ്ഞു.
അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
"എനിക്ക് അങ്ങനെ പ്രത്യേക പാര്‍ട്ടിയൊന്നുമില്ല. ഞാന്‍ എല്ലാ പാര്‍ട്ടിയുടേയും ആളാ, കൊണ്ടുചെല്ലുന്ന ആളിന്റെ എണ്ണമനുസരിച്ച് എനിക്ക് പേമെന്റ് കിട്ടും."
ശരിയെന്ന് പറഞ്ഞ് ഞാന്‍ അവിടെനിന്ന് ക്ലാസിലേക്ക് നടന്നു.
സമയം മൂന്ന് മണിയായി. ഫാക്കുലിറ്റിയുടെ പിന്‍‌വാതില്‍ വഴി ഒളിച്ചുകടക്കാന്‍ ശ്രമിച്ച എന്നെ ഗോസ്വാമി പിടികൂടി. ഒടുവില്‍ ഞാന്‍ അവന്റെ നിര്‍ബന്ധത്തിന് വഴങ്ങി മാര്‍ച്ചാന്‍ പോയി. ആ മാര്‍ച്ച് അക്ഷരാര്‍ത്ഥത്തില്‍ ഒരു കടല്‍ തന്നെയായിരുന്നു. ഇറോം ഷര്‍മിളയുടെ മുഖം പതിച്ച ടീ ഷര്‍ട്ടുകളുടെ മഹാ സമുദ്രം. കഴിഞ്ഞ ദിവസം വരെ ടീ ഷര്‍ട്ടില്‍ പ്രത്യക്ഷപ്പെടാനുള്ള അവകാശം 'ചെ ഗുവേര' യ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ വിമോചനത്തിന്റെ അലകള്‍ ആ അലിഖിത കരാര്‍ കാറ്റില്‍ പറത്തി, വളരെ പെട്ടെന്ന ഷര്‍മിള ടീഷര്‍ട്ടുകള്‍ രംഗത്തെത്തി. ഡിമാന്റിന്റേയും സപ്ലേയുടേയും യുദ്ധത്തില്‍ ഡിമാന്റ് ജയിച്ചു. ഇറൊം ഷര്‍മിള ടീ ഷര്‍ട്ടുകള്‍ ചൂടപ്പം പോലെ വിറ്റുപോയി. ഷര്‍മിള റ്റീ ഷര്‍ട്ടുകള്‍ കിട്ടാത്തവര്‍ ചെ ഗുവേരയെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചു. അവരുടെ ആശയങ്ങള്‍ ഒന്നുതന്നെയാണ് എന്നായിരുന്നു ഷര്‍മിള ടീ ഷര്‍ട്ട് ഇടാത്ത അവരുടെ ന്യായീകരണം. പക്ഷെ അവരില്‍ പലരും കൈകൊണ്ട് ടീഷറ്ട്ടിന്റെ മുന്‍‌വശം മറയ്ക്കാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ അവരുടെ ആശയങ്ങളിലെ  വൈരുദ്ധ്യം എനിക്ക് മനസിലായി.

മാര്‍ച്ച് തുടങ്ങിയപ്പോഴേ അടിപിടിയും തമ്മില്‍ തല്ലും കല്ലേറും മക്ഷി ഒഴിക്കലും തുടങ്ങി. പിറകെ ലാത്തി ചാര്‍ജും എത്തി. കുട്ടികാലത്ത് ഒളിച്ചിരിപ്പ് കളിച്ചത് അവിടെ ഉപകരിച്ചു. ഒരു മതിലിന് പിറകില്‍ ഞാന്‍ ഒളിച്ചിരുന്നു. പോലീസുകാരുടെ ലാത്തി ചാര്‍ജില്‍ നിന്നും വെടിവെയ്പ്പില്‍ നിന്നും ഞാന്‍ വിദഗ്ദമായി രക്ഷപെട്ടു. സംഭവങ്ങള്‍ അങ്ങനെ അവിറ്റെ അവസാനിച്ചു.

അടുത്ത ദിവസം രാവിലെ ഏഴേ മുപ്പതിന് പത്രം കിട്ടി. അതില്‍ നമ്മുടെ പല സഖാക്കന്മാരുടേയും സുഹൃത്തുക്കളുടേയും ഫോട്ടോയും പേരും ഉണ്‍റ്റായിരുന്നു. ഒരു ദിവസംകൊണ്ട് പണീര്‍ സെല്‍‌വം  മുതല്‍ ഗോസ്വാമി വരെ പ്രശസ്തന്മാരും സ്വാതന്ത്ര്യ സമര സേനാനികളുമായി. അവര്‍ തങ്ങളെ പ്രശസ്തരാക്കിയ ഫോട്ടോ അടങ്ങിയ പത്ര വാര്‍ത്തകള്‍ ഫോട്ടോ കോപ്പിയെടുത്ത് ഒട്ടിച്ച് ബിത്തികള്‍ വൃത്തികേടാക്കി.

ആ ദിവസവും കടന്നുപോയി, അങനെ അനേകം ദിവസങ്ങള്‍ കടന്നുപോയി. ആഴ്ചകളും മാസങ്ങളും കടന്നുപോയി. ഷര്‍മിളയെപറ്റി ആരും സംസാരിക്കുന്നത് പിന്നെ ഞാന്‍ കേട്ടില്ല. നിരാ‌ഹാരമെന്നുപോലും ആരും ഉച്ചരിച്ചില്ല.

ഒരു ലോക സത്യം എന്റെ മുന്നില്‍ ചുരുളഴിഞ്ഞു.

Sunday, 15 January 2012

ചില തിരിച്ചറിവുകള്‍


Jibin Jose, Delhi School of Economics
jibinjose0505@gmail.com


"എന്താണ് നീ ഇനിയും ചിന്തിക്കുന്നത്? പട്ടിണിയുടെ നെഞ്ചെരിയുന്ന ഈ ഇരുണ്ട തെരുവിന്റെ പാതയോരങ്ങളില്‍ പുഴുത്തുനാറി മരണത്തെ വരിക്കണമെന്നാണോ നിന്റെ അഭിപ്രായം? ഷീന്‍, നീയല്പം പ്രായോഗികമായി ചിന്തിക്ക്, നിനക്ക് പട്ടാളക്കാരെ അറിയില്ലേ? അവരുടെ മനസ്സില്‍ സ്നേഹമുണ്ട്, മനുഷ്യത്വമുണ്ട്, പുല്ലിനോടും പൂവിനോടും കടപ്പാടുണ്ട്. എന്നിട്ടും ഏതോ മുജ്ജന്മശാപം പോലെ നിരപരാധികളായ എത്ര മനുഷ്യരെയാണ് അവര്‍ കൊല്ലുന്നത്? അതൊന്നും തെറ്റല്ലേ? ഞാനും നീയും യൂദത്തെരുവിന്റെ ഇരുണ്ടകയങ്ങളില്‍ ജനിച്ചു വീണവരാണ്. ഇതു നമ്മുടെ വിധിയാണ് ഷീന്‍. നീയിതിനെക്കുറിച്ച് കൂടുതലൊന്നും ചിന്തിക്കേണ്ട. നമ്മള്‍ കൊല്ലാമെന്നേറ്റിരിക്കുന്നത് ഒരു വൃദ്ധനെയാണ്. ഒരു പടുവൃദ്ധനെ. നമ്മള്‍ കൊന്നില്ലെങ്കിലും അയാളുചാകും. അല്ലെങ്കില്‍ നമ്മളെ കൊല്ലാനേല്‍പ്പിച്ച ജോസഫ് അയാളെ കൊല്ലും. എന്തായാലും അയാളുടെ വിധി കറുത്ത മരണം തന്നെയാണ്. പക്ഷെ ഇതു നിര്‍‌വഹിച്ചാല്‍ നമുക്കു കിട്ടുന്നത് നമ്മുടെ ജീവിതമാണ് ഷീന്‍.നമ്മുടെ ജീവിതമാണ്...." പീറ്റര്‍ പറഞ്ഞു നിര്‍ത്തി.


അകലെ താഴുന്ന സൂര്യനെ നോക്കി ഷീന്‍ വിഷാദത്തോടെ പറഞ്ഞു:


"പീറ്റര്‍, നിനക്കോര്‍മയില്ലെ നമ്മുടെ ബാല്യത്തെപറ്റി? പുലര്‍ച്ചെ പുല്‍ക്കൊടിത്തുമ്പിലെ ജലകണികകളെ തട്ടിതെറിപ്പിച്ച് സിനഗോഗിന്‍റെ പടികളിലെത്തുമ്പോള്‍ നരച്ചതാടിയുള്ള പുരോഹിതന്‍ എന്താണ് നമ്മോട് പറഞ്ഞുതന്നിട്ടുള്ളത്? അറിഞ്ഞുകൊണ്ട് ഒരെറുമ്പിനെപ്പോലും നോവിക്കരുത് എന്നല്ലേ? മഴയത്ത് നനഞ്ഞുകുളിച്ച് എന്റെ വീട്ടിലേക്ക് ഞാനും നീയും കയറിച്ചെല്ലുമ്പോള്‍ ആവിപറക്കുന്ന സൂപ്പുമായി വന്ന് എന്റെ മുത്തശ്ശി പറയുന്ന കഥ നീ ഓര്‍മിക്കുന്നില്ലേ? ദൈവത്തിന്‍റെ കൈയ്യിലെ മൂന്ന് വെള്ളപ്പക്ഷികളെപ്പറ്റി...എവിടെയാണ് പീറ്റര്‍ നമ്മിലെ നന്മയുടെ പഴയകൂടാരങ്ങള്‍?"..


പീറ്റര്‍ നിലത്തുകുനിഞ്ഞിരുന്ന് എന്തോ എഴുതുകയായിരുന്നു.


ധര്‍മാധര്‍മങ്ങളുടെ താരതമ്യങ്ങള്‍ തീര്‍ത്ത ഇരുണ്ട വഴിത്താരകളില്‍ ഏതോ മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടതുപോലെ പീറ്റര്‍ പറഞ്ഞു:


"ശരിയാണ് ഷീന്‍, ശരിയാണ്. പക്ഷെ ഞാന്‍ വീണ്ടും പറയുന്നത് യുദ്ധത്തിനു പോകുന്ന പട്ടാളക്കാരെക്കുറിച്ചു തന്നെയാണ്. എതിരാളി നല്ലവനായാലും നിരപരാധിയായാലും അവന്‍ എതിരാളിതന്നെയാണ്. ശത്രുവാണ്. അവനെ നിഷ്കരുണം കൊല്ലണം. അതാണ് യുദ്ധ നീതി.


വധിക്കണം, മൃഗീയമായിത്തന്നെ...


പിച്ചിചീന്തിയെങ്കില്‍ പിച്ചിചീന്തി..


അവന്‍റെ തല പിളരണം


ഷീന്‍, ഇത് മറ്റൊരു യുദ്ധമാണ്. ജീവിതത്തിന്‍റെ യുദ്ധം. ഇവിടെ ധര്‍മത്തിന് പ്രസക്തിയില്ല. പഴയപുരോഹിതന്‍റെ നന്മയ്ക്ക് സ്ഥാനമില്ല. എതിരാളി.. എതിരാളി മാത്രം മനസില്‍.


നിനക്ക് നിന്റെ പ്രണയിനിയെ സ്വന്തമാക്കേണ്ടേ? നിന്റെ മുത്തശ്ശിയെ ചികിത്സിക്കേണ്ടേ? ഈ യൂദത്തെരുവിന്‍റെ ശാപത്തില്‍ നിന്നും പുറത്തെ വിശാലമായ ലോകത്തിന്‍റെ സൗഭാഗ്യങ്ങളിലേക്ക് രക്ഷപെടേണ്ടേ? വരുക. ഞാന്‍ പോകുന്നു ജോസഫിന്‍റെയടുത്തേക്ക്..."


പെട്ടെന്ന് ഷീന്‍ ഒടിയാറായ കട്ടിലില്‍ ചുമച്ചുചുമച്ചു കിടക്കുന്ന മുത്തശ്ശിയുടെ കണ്ണിലെ ദൈന്യതയോര്‍ത്തു. തനിക്കുവേണ്ടി കാത്തിരിക്കുന്ന മേരിയുടെ കണ്ണീരോര്‍ത്തു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. പുറകില്‍ കരിന്തിരി കത്തിതീരുന്ന വിളക്ക് മറിഞ്ഞുവീണു. സൂര്യനസ്തമിച്ചു.


******


"ഇതാണ് വൃദ്ധന്‍റെ ചിത്രം. ഞാന്‍ പറഞ്ഞ പട്ടണത്തിന്‍റെ പാര്‍ശ്വത്തില്‍ ഒരു കുന്നിന്‍ പുറത്തെ വലിയ ബംഗ്ലാവില്‍ ഒറ്റയ്ക്ക് താമസം. അതിന്റെ താഴെ ഒരു വീട്ടില്‍ നിങ്ങള്‍ക്കു ഞാന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് മാര്‍ച്ച് 18. ഒരു മാസത്തിനുള്ളില്‍ കൃത്യം നിര്‍വഹിക്കണം."


ജോസഫിന്റെ കുറുക്കന്‍ കണ്ണുകള്‍ ഇരുവരേയും മാറിമാറി നോക്കി. മേരിയോട് യാത്രപറഞ്ഞ് ഷീനും പീറ്ററും ആ പട്ടണത്തിലേക്ക് യാത്ര തിരിച്ച് ആ കുന്നിന്‍ ചെരുവിലെത്തി. പിന്നെ യുദ്ധമായിരുന്നു. പ്രക്ഷുബ്ധങ്ങളായ ദിവസങ്ങള്‍. പോരാളികളുടെ ആത്മവീര്യത്തോടെ, പട്ടാളക്കാരുടെ ക്രൂരതയോടെ യുദ്ധം തുടര്‍ന്നു.  കൊല്ലാന്‍, മൃഗീയമായിത്തന്നെ കൊല്ലാന്‍ പദ്ധതിയിട്ടു. ശ്രമിച്ചു പരമാവധി. പക്ഷെ പലപ്പോഴും ദൈവം അയാള്‍ക്കൊപ്പമായിരുന്നു. പതുക്കെപ്പതുക്കെ ഷീനിനും പീറ്ററിനും ഭ്രാന്തുപിടിച്ചു തുടങ്ങി. കൊല്ലാന്‍ മാത്രം ചിന്തിച്ചിരുന്ന അവരുടെ മനസ്സില്‍ ധാര്‍മികതയുടെ നാമ്പുകള്‍ ഉതിര്‍ന്നു. രാത്രികള്‍ ചര്‍ച്ചകളാല്‍ സമൃദ്ധമായി.


ഒരു ദിവസം ഷീന്‍ പറഞ്ഞു:


"കൊലചെയ്യുമ്പോഴും ഞാന്‍ മനുഷ്യത്വമുള്ളവനായിരിക്കും. എനിക്കാരോടും പകയുണ്ടാവില്ല. ഞാനെന്നെത്തന്നെ തരം താഴ്ത്തുകയില്ല എന്നൊക്കെ പറഞ്ഞാണ് നമ്മളിതാരംഭിച്ചത്. എന്നിട്ടും എപ്പോഴോ നമ്മുടെയുള്ളില്‍ നിന്ന് ഒരു ഭീകരജീവിയുടെ കോമ്പല്ലുകള്‍ ഉയരുന്നു. അല്ലേ പീറ്റര്‍?"


അത് അവിടെയെത്തിയ പതിമൂന്നാം രാത്രിയായിരുന്നു. പീറ്റര്‍ ഒരു പുസ്തകമെടുത്ത് വായനയാരംഭിച്ചു. ഷീന്‍ മേരിക്കൊരു കത്തെഴുതി.


"പ്രിയമേരി അറിയുന്നതിന്,


ഈ കുന്നുകള്‍ക്ക്, ഭ്രാന്താണെന്നെനിക്കു തോനുന്നു. ഞങ്ങള്‍ക്കിതുവരെയും ഒന്നും ചെയ്യാനായിട്ടില്ല മേരി, ഞങ്ങള്‍ മനുഷ്യരല്ല. കുരങ്ങു മനുഷ്യരാണ്. പരിണാമത്തിന്‍റെ ഈതോ ഇടവഴികളില്‍ എനിക്ക് ഗോറില്ലായുടെ കൂര്‍ത്തകോമ്പല്ലുകള്‍ ഉണ്ടാവുമോയെന്നുപോലും ഞാന്‍ ഭയപ്പെടുന്നു. ഈ ചെകുത്താന്റെ കുന്നുകള്‍ വിട്ടിട്ട്, എന്‍റെ പഴയ പഠനമുറിയിലേയ്ക്കെത്തുവാനും അനുവാദമില്ലാതെ നിന്‍റെ കരങ്ങളില്‍ തൊടുവാനും മുത്തശ്ശിയുടെ കഥകേള്‍ക്കുവാനും ഞാനെത്ര കൊതിക്കുന്നുവെന്നോ?... എനിക്കു മടങ്ങി വരണം മേരി... മടങ്ങി വരണം. പക്ഷെ, തിരിയുടെ ധര്‍മം എരിഞ്ഞു തീരലാണല്ലോ...


എന്ന് സ്വന്തം ഷീന്‍"


അന്നത്തെ പ്രഭാതം വരണ്ടതായിരുന്നു. പീറ്റര്‍ ഓടിവന്നു ഭ്രാന്തമായ ആവേശത്തോടെ പറഞ്ഞു:


"രക്ഷപെട്ടു, ഷീന്‍, നമ്മള്‍ രക്ഷപെട്ടു, അയാള്‍ മരിച്ചു, ഇനി, ഇനി നമുക്കയാളെ മറവുചെയ്യാം."


ഷീനിന് പുതുജന്മം കിട്ടിയതുപോലെ തോന്നി. അവന്‍റെ സ്വപ്നങ്ങള്‍ക്ക് ഞൊടിയിടയില്‍ നിറം വച്ചതുപോലെ...


പെട്ടെന്ന് പീറ്റര്‍ ഭ്രാന്തമായി പറഞ്ഞു"


"നീയെന്തു വിചാരിച്ചു? ഞാന്‍ പറഞ്ഞതു മുഴുവന്‍ സത്യമാണെന്നോ? എടാ ഇന്ന് ഈപ്രില്‍ ഒന്നാണ്. നീയോര്‍ക്കുന്നില്ലേ നമ്മുടെ പഴയവിഡ്ഡ്ഠിദിന പരിപാടികള്‍...?"


ഷീന്‍ കരഞ്ഞുകൊണ്ട് ചോദിച്ചു. "പീറ്റര്‍, നിനക്കെന്താ ഭ്രാന്താണോ?"


പീറ്റര്‍ പറഞ്ഞു:


"നീ വായിച്ചിട്ടില്ലേ കസന്‍ദ്സാക്കിന്‍റെ 'ഭ്രാതൃഹത്യകള്‍'? അതിലെ സ്ട്രാറ്റീസെന്ന പോരാളിയെപ്പോലെ, 'യുദ്ധം തീര്‍ന്നു' എന്നറിയാതെ ഞാന്‍ വിളിച്ചുപറഞ്ഞതാണടാ... എന്നോട് ക്ഷമിക്ക്. ഒരു നിമിഷത്തിലേക്കെങ്കിലും സന്തോഷിക്കാന്‍ ഇതല്ലാതെ മറ്റെന്തുപായം?"


"ശരിയാണ് പീറ്റര്‍, ശരിയാണ്. നമുക്ക് ഭ്രാന്ത് പിടിച്ചിരിക്കുന്നു. ഇനി മടുത്തു. നമുക്കീ ചെകുത്താന്റെ കുന്നുവിട്ടിറങ്ങാം. ഈ യുദ്ധം അവസാനിപ്പിക്കാം. പഴയ യൂദത്തെരുവിന്റെ ദാരിദ്ര്യങ്ങളില്‍ നമുക്കു സമാധാനത്തോടെ മുത്തശ്ശിയുടെ കഥകേട്ടുറങ്ങാം."


ചെകുത്താന്റെ ആ കുന്നുവിട്ട്, യുദ്ധത്തെ തോല്പിച്ച് പീറ്ററും ഷീനും നടന്നു. യൂദത്തെരുവിലേക്ക്. അതിന്‍റെ സാന്ത്വനങ്ങളിലേയ്ക്ക്. അതിന്‍റെ വിഹ്വലതകളിലേയ്ക്ക്... അപ്പോള്‍ മഴ പെയ്തുതുടങ്ങി.. ആ മഴയില്‍ കുഞ്ഞുകുട്ടികളെപ്പോലെ നനഞ്ഞുകുളിച്ച് മുത്തശ്ശിയുടെ ആവി പറക്കുന്ന സൂപ്പും പ്രതീക്ഷിച്ച് അവര്‍ യാത്ര തുടര്‍ന്നു.


(കടപ്പാട്:Fratricides by Nikos Kazantzakis)


Written on 28th October 2006