Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, 26 March 2012

കണ്ണാടിയിലെ ശരീരം


Nada T. K
Ramjas College
ntk_353@yahoo.com

അലമാരയില്‍ നിന്ന് അടര്‍ന്നുവീണ കണ്ണാടിയില്‍
അംഗവിച്ഛേദം സംഭവിച്ച ഒരു ശരീരം.
വക്കുപൊട്ടിയ ചില്ലിന്‍‌കൂട്ടുകളിലൊന്നില്‍
ആരേയോ തേടുന്ന ഒരൊറ്റക്കണ്ണിന്‍റെ പാതി.
പറ്റം തെറ്റിയ മറ്റൊരു പൊട്ടില്‍
പേടിച്ചരണ്ട മറുകണ്ണ്.
കൈകളില്‍.........., കാല്‍കളില്‍,
കണ്ണുനീര്‍പോലെ പൊടിയുന്ന രക്തതുള്ളികള്‍..
കണ്ണാടിയുടെ മിനുത്ത പ്രതലത്തില്‍
ചെമന്ന ചായം തേച്ച്,
കൂര്‍ത്ത വക്കുകളിലേക്ക് പടര്‍ന്ന്,
പുളഞ്ഞ്,
അടര്‍ന്ന ഓരോ അവയവങ്ങളിലും
ജീവനാംശം തേടി
പേടിച്ചരണ്ട കണ്ണിലേക്ക് ആഴ്ന്നിറങ്ങി
ഉതിര്‍ന്നുവീഴുന്ന കട്ടിയുള്ള രക്തതുള്ളികള്‍...
അപ്പോഴേക്കും പക്ഷെ
പുറം സമാധിയായിരുന്നു.
ആരെയോ തേടിയിരുന്ന ഒറ്റക്കണ്ണ്
പാതിയടയുകയും ചെയ്തിരുന്നു.

Thursday, 1 March 2012

പണിമുടക്കു ദിനം


Unnikrishna Das
3rd Year English Literature, Kirori Mal College 
unnikrishnadas@gmail.com



അച്ഛന്‍:

യൂണിയന്‍ മീറ്റിംഗ്.
ധര്‍ണ,
ഉച്ചയുറക്കം.

അനിയന്‍:

നിനച്ചിരിക്കാതെ
അയ്യട,സ്കൂളവധി.

അമ്മ:

പണിമുടക്ക്‌ ബാധകമല്ലാത്ത
അടുക്കളയില്‍,
പരിഭവം വിളറിയ ചിരിയിലൊതുങ്ങാതെ.

Tuesday, 7 February 2012

വീട്

 Hari S.
 St.Stephen's College
  pappubeatle@gmail.com


പൊളിക്കാനിട്ടിരിക്കുന്ന വീടുപോലെ
ഭൂമി വികൃതമായി കിടക്കുന്നു.
പുഴകളുടെ വീതി കുറഞ്ഞെന്നും
കുന്നുകള്‍ ഇടിഞ്ഞ് ചെറുതായെന്നും തോനുന്നു.
മഴവില്ല് കാണാനില്ല.
കറുത്ത പുകമറകള്‍ കൈകാലുകള്‍ കെട്ടിമുറുക്കുന്നു.

***

ആദ്യവരിയിലെ വീട് വെറും കെട്ടിടമല്ല,
വീടുതന്നെ;
താളം നിറഞ്ഞാലും, താളം നിലച്ചാലും.

Wednesday, 1 February 2012

കറുപ്പ്

Ziyana Fazal,
Hans Raj College 
ziyanafazalpv@gmail.com



ഈ ജന്മത്തിന്‍റേയും, വരും ജന്മത്തിന്‍റെയും
കൈയ്യെഴുത്ത് പ്രതി അവള്‍ കുറിച്ചിട്ടത്
കറുപ്പ് നിറത്തിലാണ്.
അവള്‍ക്കേറ്റും പ്രിയപ്പെട്ട വര്‍‌ണം.

നാള്‍ ഇതുവരെ കണ്ടതില്‍,
ഏറ്റവും സുന്ദരന്‍
കറുത്തവനാണ്.

ഒന്നു വിശ്വസിക്കൂ,
സ്വന്തത്തെ എന്നും കറുപ്പില്‍ നിര്‍‌വചിച്ചിട്ടുണ്ട്
തെല്ലും അലോസരം കൂടാതെ..

അവളും സുന്ദരിയാണ്.
കറുത്ത കണ്ണ്, തലമുടി, മേനി എന്നു വേണ്ട
മനസ്സും വാക്കും വരെ കറുപ്പില്‍ സുന്ദരമല്ലേ?

കുഞ്ഞാകും മുതല്‍, ഇരുട്ടിന്‍റെ കറുപ്പിനോട്
ദേഹം പറ്റി ഉറങ്ങിയിട്ടുണ്ട്,
ഗാഡ്ഠമായി..

എന്‍റെ പ്രണയമേ,
നിന്നെ ഞാന്‍ വരച്ചതും ആ കറുപ്പിലല്ലേ?

എന്നിട്ടും, ആ നിറം അഴലോടടുത്തതാണെന്ന് പറയാന്‍?

ഇരുട്ടുമായി ഒരു ദീര്‍ഘസംഭാഷണത്തിനു ശേഷം..

വെളുപ്പ്:-

ഓരോ രാത്രിയിലും
തന്‍റെ ഉറക്കത്തിന് കാവലിരിക്കുന്ന
ഇരുട്ടിനെ
തിരിച്ചറിയാത്തിടത്തോളം കാലം,
കറുത്ത ഹൃദയമെ,
നിന്‍റെ പ്രണയത്തെ
ഞാനും തിരിച്ചറിയുകയില്ല...

പോ......!

Friday, 27 January 2012

ജനറല്‍ കമ്പാര്‍ട്ട്മെന്‍റ്

Unnikrishna Das
3rd Year English Literature, Kirori Mal College 
unnikrishnadas@gmail.com

കൈക്കുഞ്ഞുമായി
നിശബ്ദയായി
എന്‍റെ മുന്നില്‍ ഒരമ്മ.

ഉറക്കച്ചടവുള്ള കണ്ണുകളാല്‍
പുറത്തെ നരച്ച വെയിലിനെ നോക്കി
അമ്പരന്നിരിക്കുന്ന
അവരുടെ ഭര്‍ത്താവ്.

മുലപ്പാല്‍ വറ്റിയ
അമ്മയില്‍ നിന്നടര്‍ന്ന്
കൊക്കകോളയ്ക്കായ് പരതുന്ന
മൂത്തകുട്ടി.

ലതര്‍ബൂട്ടിട്ട്,
തണുപ്പിനേയും
കൂടെയുള്ളോന്‍റെ കാലിനേയും
ചവിട്ടി ഞെരിക്കുന്ന
പട്ടാളക്കണ്ണുകളുള്ള
ഭായിസാബ്.

ഇംഗ്ലീഷ് പത്രം വായിക്കുന്ന
ബുള്‍ഗാന്‍ താടി.

സന്മനസുള്ള,
സ്വപ്നങ്ങള്‍ കാണുന്ന,
ചോദ്യങ്ങള്‍ ചോദിക്കാനിഷ്ടപ്പെടുന്ന
യുവാവ്.

ഞാന്‍,
എന്‍റെ സീറ്റ്,
ബാഗിനുള്ളിലെ [വിലപിടിപ്പുള്ള]
രാജസ്ഥാനി കരകൗശലവസ്തു.

എടുക്കാന്‍ മറന്നുപോയ
ഒരുകഷ്ണം പോക്കുവെയില്‍.
റോമിംഗ് ചാര്‍ജ് ബാധകമല്ലാത്ത
ദിവാസ്വപ്നങ്ങള്‍..
പത്തു രൂപയ്ക്ക്,
ചെറിയൊരു കുപ്പി നിറയെ
പുഴയുടെ ആത്മാവ്...

യാത്ര തുടരുന്നു....

Sunday, 18 December 2011

വേടന്‍


- ഹരി

കരയരുത് നീ,
തെറ്റല്ലിത്; ജന്മങ്ങളുടെ
പ്രായശ്ചിത്തം.
ചതിക്ക് ജയമോ
ന്യായമോ ഇല്ലെന്നറിയാം,
എങ്കിലും ഈ രക്തം സ്വീകരിക്കൂ.
വിഷബാണം തറച്ച പാദത്തില്‍
നോക്കി കൃഷ്ണന്‍ പറഞ്ഞു:
"നിന്നിലൂടെ ഈ യുഗം അവസാനിച്ചിരിക്കുന്നു."
             
                  ***
കൃഷ്ണന്‍ മരിച്ചു
വേടന്‍ കണ്ണുകള്‍ തുടച്ചു
മണ്ണില്‍ വില്ലൂന്നിനിന്ന് ആലോചിച്ചു:
'എന്നിലൂടെ ഈ യുഗം അവസാനിച്ചിരിക്കുന്നു.'
അപ്പോള്‍ ആരാണ് ദൈവം?
ഈ ചത്തുമലച്ചു കിടക്കുന്നവനോ,
അതോ ഞാന്‍ തന്നെയോ?

Tuesday, 22 November 2011

ആ വര്‍ഷാവസാന പരീക്ഷ

ലിതിന്‍ തോമസ്, ലോ ഫാക്കല്‍റ്റി

അന്നും നിലാവുണ്ടായിരുന്നു.
ഇരുളിന്‍റെ പ്രഭ കുളിരണിയിച്ചിരുന്നു.
തണുത്ത പടികളില്‍ ഇരുന്നു നാം
ചൂടിള്ള പ്രണയം പങ്കുവച്ചു.

പുല്‍ച്ചെടികള്‍ക്കുപോലും ഇത്രയും കഥകളുണ്ടെന്ന്
അന്ന് ആദ്യമായി ഞാന്‍ തിരിച്ചറിഞ്ഞു.
നിന്‍റെ ജല്പനം എന്നില്‍ ഉണര്‍ത്തിയത്
ഓര്‍മകളിലെ ആ മണിനാദമാണ്.
സ്കൂള്‍ വിടുമ്പോള്‍ തുടരെ മുഴങ്ങുന്ന മണിശബ്ദം.
എന്തൊരാശ്വാസമായിരുന്നു ശ്രവിക്കുമ്പോള്‍
സ്വാതന്ത്ര്യത്തിന്‍റെ, വിടുതലിന്‍റെ സന്തോഷം.

നീ ആശ്വാസമായ് എന്‍റെ സ്വാതന്ത്ര്യമായ്
എത്രയോകാലം നമ്മള്‍ പ്രണയം പങ്കുവച്ചു.
ഒരിക്കല്‍ നീ വിളിച്ചത് ഞാന്‍ ഓര്‍ക്കുന്നു.
നിന്‍റെ വിവാഹമാണ് പോലും, ക്ഷമിക്കണം.
മറക്കുവാനുള്ള നിന്‍റെ ആവശ്യം ഗംഭീരമായി.
നെടുവീര്‍പ്പും കരച്ചിലും മാറ്റുകൂട്ടി.
എന്തുകൊണ്ടോ അന്നെനിക്ക് ഒരു വര്‍ഷാവസാന
പരീക്ഷ കഴിഞ്ഞതായി തോന്നി.
സ്വാതന്ത്ര്യത്തിന്‍റെ അശ്രുബിന്ദുക്കള്‍ ഈറനണിയിച്ചിരിക്കാം.
മൂത്രവിസര്‍ജനശേഷമുള്ള ആശ്വാസം പോലെ
പക്ഷേ അതു കുറച്ചുകാലം നീണ്ടുനിന്നു.

Sunday, 16 October 2011

വിശന്ന് മരിച്ചവര്‍ക്കുവേണ്ടി



അമ്മേ വിശക്കുന്നു.
ഉദരവ്യാളികള്‍ നൃത്തംവച്ച്
നിറയുന്നു കാഴ്ചകള്‍.
ദിക്കുതെറ്റി പുളഞ്ഞിഴയുന്നു
തലയറ്റ കാളസര്‍പ്പങ്ങളെവിടേയും.
നഷ്ടമാകുന്നു സാഗരങ്ങള്‍,
ഒരു നൂറുകവിതകള്‍, ഈ
തുളവീണ കുടലില്‍ നിന്നുമേ.
കാണുന്നു ഉള്ളിലെ സീല്‍ക്കാരങ്ങളില്‍
തലതല്ലിവീഴുന്ന ആകാശമേഖങ്ങള്‍,
പ്രളയപരവശമീ ഗോപുരങ്ങളും.
അറിയുന്നു ഞാന്‍
സമനല്ലെന്ന സത്യവും
സത്യങ്ങളില്ലാ വിശപ്പിന്‍റെ മൗനവും.
ഒന്നുമറിയാതെ ഓര്‍മകളില്ലാതെ
വേവുന്നു നീറുന്നു കല്‍ച്ചുളയില്‍.
തൂക്കുമരച്ചുടലകള്‍ വേണ്ട
ബലിനിയമങ്ങളോ വേണ്ട
കിരീടവും വേണ്ട ആകാശവും വേണ്ട
അല്ലാതെയോ വിശപ്പില്‍
ഭൂമിയെതുരന്നു മൂടപ്പെടുന്നു ഞാന്‍.

അമ്മേ വിളമ്പുക
മരണാവിളികള്‍ക്കുമുന്നേ,
മറക്കാത്ത ഒരുപിടി മണ്ണും,
അതിലൊരു പുല്‍നാമ്പുമെങ്കിലും.

ഹരി

Monday, 3 October 2011

തേടുന്നു



(1)

എവിടെ ഈ ഭൂമിയില്‍
നമ്മെ ഒരുമിച്ചുപോറ്റിയ
ഗര്‍ഭപാത്രം?
എവിടെ, വെരുകള്‍,
നമ്മെ ഒരുമിച്ചുചേര്‍ത്ത
മുദ്രകള്‍, രക്തവും?
എവിടെ, ഈ സത്രത്തില്‍
നമ്മെ ഒരുമിച്ചു പാലൂട്ടിയ
വാക്കും സംഗീതവും?
ഞാന്‍ തെടുന്നു; ഇരുട്ടില്‍
ഉറങ്ങാത്ത കറുപ്പില്‍,
ഒടുങ്ങാത്ത വിശപ്പില്‍,
തേടുന്നു.
അന്ത്യമില്ലാതെ തേടുന്നു.

(2)

നാം ഒരുമിച്ചു ജനിച്ചു
ഒരുമിച്ചു കരഞ്ഞു
ഒരുമിച്ചു മുലകുടിച്ചു
ഒരുമിച്ചു പിച്ചവെച്ചു
ഒരുമിച്ചുറങ്ങി.
രണ്ടല്ല, ഒന്നുതന്നെ;
ഒന്നായി തന്നെ.
പക്ഷെ എവിടയാണ് ഞാന്‍?
ഞാനദൃശ്യനോ?
ഞാന്‍ തേടുവതെന്നെ തന്നെയോ?
അറിയില്ല.

(3) ഉത്തരം

ഞാന്‍ നിന്നിലാണ്
നീയാണെന്റെ ഗര്‍ഭപാത്രം
ഞാന്‍ ജനിച്ചതില്ല,
കരഞ്ഞതില്ല, മുലകുടിച്ചതില്ല,
പിച്ചവച്ചതില്ല, ഉറങ്ങിയതില്ല.
എല്ലാം നീ തന്നെ
നീയാണെന്റെ ഗര്‍ഭപാത്രം.
       *
കാത്തിരിക്കൂ അമ്മേ,
ഞാന്‍ ജനിക്കുംവരെ

ഹരി

Monday, 5 September 2011

മഴ



വികാരങ്ങളുടെ പെരുമഴയില്‍
വിണ്ണ്‍ മണ്ണിനെ ചുംബിച്ച രാവില്‍
പൂമൊട്ടുകള്‍മാത്രം വിതറിയ
കുടയ്ക്ക് കിഴെ ഞാന്‍നടന്നു
മൊട്ടുകളില്‍നിറയുന്ന തുള്ളികള്‍
നോക്കി അകം പറ്റുവാന്‍ഞാന്‍
വെമ്പി –“നനയരുത്‌”

മാറിടം പൊട്ടി കണ്ണിട വറ്റി
മഴ വീണ്ടും പെയ്തിറങ്ങി
ചെവികള്‍ക്കരികെ വീണ
ആ തുള്ളി മന്ത്രിച്ചു
“ഹൃദയം തുറക്കൂ ഞാനൊന്നു
പെയ്തു തീരട്ടെ”

- പിയോ,ദില്ലി സര്‍വകലാശാല


Monday, 29 August 2011

രണ്ടു കവിതകള്‍


നദി

അവളരികെയിരുന്നു.
മുന്നിലൊരു നദിയൊഴുകുന്നു,
കണ്ടില്ലെന്നു നടിക്കാതെ
ഞാനുമൊഴുകി,
ഒരു മൗനം ബാക്കിവച്ച്,
അവളില്‍ നിന്ന് അവളിലേക്ക്.


ഇടത്താവളം

ഇന്ന്
ഈയൊരു രാത്രി
നമുക്ക് വിശ്രമിക്കാം.
ഇതൊരിടത്താവളം മാത്രം.
യാത്രയുണ്ടിനിയും, ബാക്കി
യൊരുപാടു നാഴികകള്‍.
അറിവില്ലാത്ത മണ്ണും, കാലവും
മറന്നുപോയ മനുഷ്യരും, മരണവും
നെടുനീളെ കടലുമുണ്ടിനി മറികടക്കാന്‍.
ദിക്കിലേതിലുമുണ്ടായിരം വാതിലുകള്‍,
മുട്ടിവിളിച്ചുകരയാന്‍, അന്വേഷിപ്പാന്‍.
ഒരുപാടുണ്ടിനിയും ബാക്കി,
ഓര്‍ത്തതും മറന്നതുമെല്ലാം,
എന്നാലും വരൂ,
ഈയൊരു രാത്രി
നമുക്ക് വിശ്രമിക്കാം,
ആരോ ഒരുക്കിയ
ഈ ഇടത്താവളത്തില്‍.


ഹരി എ സുനില്‍,
സെന്‍റ് സ്റ്റീഫന്‍സ് കോളേജ്, ഒന്നാം വര്‍ഷം.