Saturday 30 June 2012

ഇവര്‍ക്കു വായിക്കാന്‍ ഇ-വഴികള്‍; ഭിത്തികളില്ലാതെ ഒരു വായനപ്പുര

by പി.കെ. മണികണ്ഠന്‍, Published in Mathrubhumi News paper, Delhi Edition on 23rd June


ന്യൂഡല്‍ഹി: വായിക്കാനൊരു പുസ്തകമെടുക്കണമെങ്കില്‍ വായനശാലതന്നെ വേണമെന്ന് ആരു പറഞ്ഞു? അതൊക്കെയൊരു പരമ്പരാഗത സങ്കല്‍പ്പം. വായിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ പുസ്തകം എവിടെ വേണമെങ്കിലും കിട്ടും. ഇതിനൊരു മാതൃകയാവുകയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ഒരുകൂട്ടം മലയാളി വിദ്യാര്‍ഥികള്‍. പരസ്പരസൗഹൃദത്തിലും ഭാഷാസ്‌നേഹത്തിലും പടുത്തുയര്‍ത്തിയ 'വായനപ്പുര'യാണ് അവരുടെ വായനശാല. ഒരു വിദ്യാര്‍ഥി വിശേഷിപ്പിച്ചതുപോലെ ഭിത്തികളില്ലാത്ത ലൈബ്രറി. കൈയിലുള്ള പുസ്തകങ്ങള്‍ പരസ്പരം കൈമാറി വായിക്കാനുള്ള സംഘടിതശ്രമമാണ് വായനപ്പുര.

ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുടെ സംഘടനയായ മൈത്രിയുടെ കീഴിലാണ് വായനപ്പുര തണലൊരുക്കിയത്. കഴിഞ്ഞവര്‍ഷം കേരളപ്പിറവി ദിനത്തില്‍ പിറവിയെടുത്ത കൂട്ടായ്മ പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ള ഉദ്ഘാടനം ചെയ്തു. നാട്ടിലുള്ളതുപോലെ ഡല്‍ഹിയില്‍ മലയാള പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടില്ലെന്നുള്ള പ്രതിസന്ധിയിലായിരുന്നു മലയാളി വിദ്യാര്‍ഥികള്‍. അപ്പോഴാണ് സെന്റ് സ്റ്റീഫന്‍ കോളേജിലെ ബിരുദവിദ്യാര്‍ഥി അരുണ്‍ ഡി. പോളിന് ഒരാശയമുദിച്ചത്. മലയാളി വിദ്യാര്‍ഥികളുടെ കൈയില്‍ പുസ്തകങ്ങളുണ്ടാവുമല്ലോ. അവ പരസ്പരം കൈമാറി വായിച്ചാല്‍ പ്രശ്‌നത്തിനൊരു പരിഹാരമാവും. അരുണിന്റെ ആശയം മൈത്രി ഒരു ആവിഷ്‌കാരമാക്കി. അങ്ങനെ അംഗത്വഫീസും അപേക്ഷാഫോറങ്ങളൊന്നുമില്ലാതെ പുസ്തകങ്ങള്‍ വാങ്ങിവായിക്കാന്‍ വായനപ്പുരയ്ക്ക് മേല്‍ക്കൂരയായി. പുസ്തകമുള്ളവരെയും ആവശ്യമുള്ളവരെയും ഏകോപിപ്പിക്കാന്‍ ഒരാളെ ചുമതലപ്പെടുത്തി. കാര്യസ്ഥനെന്നാണ് ഇയാളുടെ സ്ഥാനപ്പേര്. ആശയം മുന്നോട്ടുവെച്ച അരുണാണ് ഇപ്പോള്‍ വായനപ്പുരയുടെ കാര്യസ്ഥന്‍. www.maithrydu.blogspot.in എന്ന വിലാസത്തിലുള്ള മൈത്രിയുടെ ബ്ലോഗിലൂടെയാണ് വായനപ്പുരയുടെ പ്രവര്‍ത്തനം.

ഓരോ വിദ്യാര്‍ഥിയും തങ്ങളുടെ കൈയിലുള്ള പുസ്തകങ്ങളുടെ പേരുവിവരം ബ്ലോഗില്‍ പ്രസിദ്ധീകരിക്കും. കഥ, കവിത, നോവല്‍ എന്നിങ്ങനെയൊക്കെ വേര്‍തിരിച്ചുള്ളതാണ് പട്ടിക. ആവശ്യക്കാര്‍ ഈ പട്ടികയില്‍ പരതി തങ്ങള്‍ക്ക് ആവശ്യമുള്ള പുസ്തകം തിരഞ്ഞെടുക്കും. ആവശ്യമുള്ള പുസ്തകം കാര്യസ്ഥനെ അറിയിക്കും. ആ പുസ്തകമുള്ളയാളുടെ പക്കല്‍ നിന്നും വാങ്ങി കാര്യസ്ഥന്‍ ആവശ്യക്കാരന് നല്‍കും. വായിച്ചുകഴിഞ്ഞാല്‍ തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. 

മൈത്രിയിലുള്ളത് മുന്നൂറോളം മലയാളി വിദ്യാര്‍ഥികള്‍. ആറ് മാസത്തിനുള്ളില്‍ 125 പുസ്തകങ്ങളുടെ പട്ടിക തയ്യാറായിക്കഴിഞ്ഞു. ഇതുവരെ 25 പുസ്തകക്കൈമാറ്റങ്ങള്‍ നടന്നതായി കാര്യസ്ഥന്‍ അറിയിച്ചു. എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച പുസ്തകങ്ങളുടെ പട്ടിക പുതുക്കും. കവര്‍ചിത്രം നല്‍കി പുസ്തകം പരിചയപ്പെടുത്തുന്ന ഫേസ് ബുക്ക് അക്കൗണ്ടും തുറന്നിട്ടുണ്ട്. ഇ-വായനയുടെ കാലത്ത് പരമ്പരാഗതരീതിയില്‍ തന്നെ പുസ്തകങ്ങള്‍ വായിക്കാന്‍ ഇ-സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ് പുതുതലമുറ. വായിച്ച പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കാനുള്ള ഉദ്യമം ഉടന്‍ തുടങ്ങാനാണ് മൈത്രിയുടെ ആഗ്രഹമെന്ന് ഭാരവാഹികളായ ലിതിനും പ്രിയയും പറഞ്ഞു.

മലയാളം എക്കാലവും സ്‌നേഹിച്ച മാധവിക്കുട്ടിയുടെ സമ്പൂര്‍ണകൃതികള്‍, എം.ടി.യുടെ കഥകള്‍ തുടങ്ങി പഴയകാലപ്പെരുമയിലെ കേരള സംസ്‌കാരം, ഐതിഹ്യമാല എന്നിവയും വായനപ്പുരയില്‍ ഇടംപിടിച്ചു. കാമ്പസുകള്‍ നെഞ്ചിലേറ്റുന്ന ഖലീല്‍ ജിബ്രാന്‍, ഒമര്‍ ഖയ്യാം, കുമാരനാശാന്‍, ഒ.എന്‍.വി., സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കൃതികളും കുറവല്ല. കെ.ആര്‍. മീര, കെ. രേഖ തുടങ്ങിയ പുതുതലമുറ എഴുത്തുകാരെയും വിദ്യാര്‍ഥികള്‍ക്ക് സുപരിചിതം. ചിന്തകള്‍ക്ക് ചിറകുനല്‍കാന്‍ എ.പി.ജെ. അബ്ദുല്‍കലാമിന്റെ അഗ്‌നിച്ചിറകുകളും വായനപ്പുരയിലെ തിളക്കമായി. മലയാളത്തോടുള്ള സ്‌നേഹം തന്നെയാണ് വായനപ്പുരയുടെ ജീവനും ആവേശവും. കൂടുതല്‍ കൂടുതല്‍ പുസ്തകങ്ങള്‍ തേടിയുള്ള യാത്രയിലും അന്വേഷണത്തിലുമാണ് വായനപ്പുരയിലെ അന്തേവാസികള്‍. ഒരു പുസ്തകം കിട്ടിയാല്‍ തിരിച്ചുകൊടുക്കാന്‍ മറക്കുന്ന മലയാളിയുടെ പതിവുശീലവും ഇവര്‍ക്കില്ലെന്നതാണ് മറ്റൊരു സവിശേഷത. കേവലം പുസ്തകവായനയിലൊതുങ്ങുന്നില്ല ഈ വിദ്യാര്‍ഥികളുടെ മാതൃഭാഷാസ്‌നേഹം. ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവര്‍ത്തനം നിലച്ച മലയാളവിഭാഗം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. തമിഴും ബംഗാളിയുമൊക്കെ പഠിപ്പിക്കുന്ന, മലയാളത്തെ മാത്രം അധികൃതര്‍ അവഗണിക്കുന്നതിനെതിരെ ഇതിനകം സര്‍വകലാശാലാ വി.സി.ക്ക് പരാതി നല്‍കിക്കഴിഞ്ഞു. പഠിക്കാന്‍ കുട്ടികളില്ലെന്നതാണ് മലയാളവിഭാഗം അടച്ചതിന് അധികൃതരുടെ ന്യായീകരണം. എന്നാല്‍, പഠിക്കാന്‍ താത്പര്യമുള്ള നൂറ്റമ്പതോളം കുട്ടികളുടെ പേരും കൈയൊപ്പും നല്‍കിയായിരുന്നു മൈത്രി പ്രവര്‍ത്തകരുടെ നിവേദനം. മലയാളവിഭാഗത്തില്‍ അധ്യാപകരെ നിയമിക്കാന്‍ വ്യവസ്ഥയുണ്ടായിട്ടും സര്‍വകലാശാലാ അധികൃതര്‍ നടപടിയെടുത്തില്ല. പഠനം നിലച്ചതിനാല്‍ ഇവിടത്തെ മലയാളം ലൈബ്രറിയും ഉപയോഗിക്കാതെ കിടക്കുന്നു. മലയാളവിഭാഗം വീണ്ടും തുറക്കാനുള്ള ശ്രമം തുടരാന്‍ തന്നെയാണ് മൈത്രിയുടെ തീരുമാനം.

ഒരു വിദ്യാര്‍ഥി മുന്നോട്ടുവെച്ച ആശയം ഒരുപാട് മനസ്സുകള്‍ ഏറ്റെടുത്തതിന്റെ വിജയമാണ് വായനപ്പുര. ഒരര്‍ഥത്തില്‍ പുതുതലമുറയിലെ കൂട്ടായ്മയുടെ മാതൃക. വര്‍ഷങ്ങളായി ഡല്‍ഹിയിലുള്ള മലയാളികള്‍ വായിക്കാനും പുസ്തകമെടുക്കാനും നേരമില്ലെന്ന് വാദിക്കുമ്പോള്‍ ഒരു നിമിഷം ഇന്റര്‍നെറ്റില്‍ വായനപ്പുരയൊന്നു സന്ദര്‍ശിക്കുക. പഴയതലമുറയ്ക്കും പഠിക്കാനൊരു വഴികാട്ടിയെ ഈ താളുകളില്‍ കാണാം.

2 comments:

  1. ഈ - വർക്കുകൾക്ക്‌
    ആശംസകൾ

    ReplyDelete