Tuesday 8 November 2011

വായനയും വായനാപ്പുരയും

വായനാപ്പുര കാര്യസ്ഥന്‍

സാഹിത്യകാരന്‍ എന്നുമൊരു മോഷ്ടാവാണ്. തുളുമ്പിയ ചായയെയും സുന്ദരമായ ചിരിയേയും നിശബ്ദമായ നിലവിളിയേയും ചേര്‍ത്ത് അവനൊരു കഥ പൂര്‍ത്തിയാക്കുമ്പോഴേക്കും എത്ര മോഷണങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തന്‍റെ സ്വകാര്യതയും സുഹൃദ്ബന്ധവും റോഡരികുകളും ഓര്‍മയില്‍ കോറിയ എത്രയോ ഏടുകള്‍ പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ മോഷ്ടിക്കപ്പെട്ട കടലാസുകളുടെ ശേഖരത്തെ നമുക്ക് പുസ്തകമെന്നു വിളിക്കാം.

പുസ്തകങ്ങളുടെ ശേഖരം ഞാന്‍ വായനാശാലയില്‍ കണ്ടിട്ടുണ്ട്. അടുക്കി, തലചെരിച്ച, തോള്‍ ചാരി, കാവിയുടുത്ത പുസ്തകങ്ങളെ എനിക്ക് പരിചയമുണ്ട്.എന്നിരുന്നാല്‍ തന്നെയും കൂട്ടുകാരില്‍ നിന്ന് കടം വാങ്ങി വയിച്ച പുസ്തകങ്ങള്‍ തരുന്ന അനുഭവങ്ങള്‍ വ്യത്യസ്തമാണ്.

അവന്‍റെ കൈകളിലെ ചെളി പുരണ്ട പേജുകളും, അവള്‍ ഭക്ഷണാം കഴിച്ചുകൊണ്ട് പുസ്തകം വായിച്ചപ്പോള്‍ പുരണ്ട കറിയുടെ പാടുകൊണ്ട് അപ്രത്യക്ഷമായ അക്ഷരങ്ങള്‍കൊണ്ട് നിറഞ്ഞ പുസ്തകങ്ങള്‍ തരുന്ന അനുഭവം. കൊടുക്കാന്‍ വൈകി വൈകി മോഷണാ വസ്തുവായി തീരുന്ന പുസ്തകങ്ങള്‍. ഇങ്ങനെ അവ കഥാകാരന്‍ ഉദ്ദേശിച്ച അനുഭവങ്ങള്‍ക്ക് മറ്റൊരുതലം പകരുന്നു. ഇങ്ങനെ മോഷ്ടിക്കപ്പെട്ടാ പുസ്തകങ്ങളുടെ ഒരു ശേഖരമുണ്ടായാല്‍ നമുക്കിന്നതിനെ വായനാപ്പുരയെന്നു വിളിക്കാം. കാരണം ദില്ലി സര്‍വകലാശാലയിലെ മലയാളകൂട്ടായ്മ മൈത്രി അങ്ങനെയൊരു സംരഭം ആരംഭിച്ചുകഴിഞ്ഞു.

ഇതിന് പിന്നില്‍ സ്വാതികമല്ലാത്ത ആശയങ്ങള്‍ തളം കെട്ടികിടപ്പുണ്ട് എന്ന് തോന്നുമെങ്കിലും അത് ഗ്രാഹകന്‍റെ കണ്ണുകളോട് ആപേഷികമാണ്. അതുവഴി മോഷണം ആശയസാംശീകരണവും പുസ്തകകൈമാറ്റം സൗഹൃദത്തിനും വേദിയൊരുക്കുന്നു. പക്ഷെ ഇവിടെ മൈത്രി ഒരു പടിയുംകൂടെ മുന്നോട്ട് പോകുന്നു. ഒരു വായനാശാലയ്ക്ക് പകരം വായനാപ്പുര സൃഷ്ടിച്ചുകൊണ്ട്. ഒരു പുരയുണ്ടാകണമെങ്കില്‍ അതിന് കീഴില്‍ കൂടുമ്പോള്‍ ഇമ്പമുള്ളവര്‍ വേണം. അവരുടെ നിസ്വാര്‍ത്ഥമായ സമര്‍പ്പണം വേണം. ഇവിടെയിതാ വിജ്ഞാനത്തെ പ്രതി പ്രവാസികളായവര്‍ ഒരുമിച്ചുകൂടുന്നു, പുസ്തകങ്ങളെ ബലിവസ്തുക്കളാക്കുന്നു.

മൈത്രിയായി വളരും മുമ്പേയും ദില്ലിസര്‍വകലാശാലയില്‍ മലയാളഭഅസ്ഹ പങ്കുവെയ്ക്കപ്പെട്ടിരുന്നു. അവിടെ ഒ.എന്‍. അനുജനും അകവൂര്‍ നാരായണനും നയിച്ചിരുന്ന ശക്തമായ ഒരു മലയാള വിഭാഗവുമുണ്ടായിരുന്നു. തകഴിയും പി. കുഞ്ഞിരാമന്‍ നായരും വൈലോപ്പള്ളിയും പോലുള്ള സാഹിത്യരാജാക്കന്മാര്‍ അവിടെ പൂക്കളര്‍പ്പിച്ചിരുന്നു. അയിത്തകാരനെന്ന് ഒരിക്കല്‍ ചാപ്പ കുത്തപ്പെട്ടവര്‍, സുദാന്‍ശു ചതുര്‍വേദിയെ പോലുള്ളവര്‍ അവിടെ വന്ന് നൈവേദ്യം സ്വീകരിച്ചിരുന്നു. ഇന്നിതാ എഴുത്തു മുടങ്ങി, ഭാഷയൊതുങ്ങി, നടയടച്ചു.

ഇനി അതൊന്ന് തുറക്കണമെങ്കില്‍ കുരുതിയുണ്ടാവണം. ഊനമറ്റയൊന്നിന്‍റെ ഹൃദയത്തോട് ചേര്‍ന്ന ബലിയുണ്ടാകണം. വായനാപ്പുരയില്‍ എല്ലാവരും പുസ്തകങ്ങളെ നേര്‍ച്ചയര്‍പ്പിക്കുന്നു. അതിലെ ചെളിപറ്റാത്ത ആശയങ്ങളേയും അവരോട് സംസാരിച്ച കഥാപാത്രങ്ങളേയും ഒരു തീര്‍ത്ഥയാത്രയ്ക്കായി ഒരുക്കുന്നു. ബലിവസ്തുക്കള്‍ അര്‍പ്പകരെ കൈവിട്ട് ഒരു പുണ്യനദിയില്‍ മുങ്ങി ദൈവത്തിന്‍റെ അടുക്കല്‍ പോകുംപോലെ. മാത്രവുമല്ല അനിശ്ചിതത്വത്തിന്‍റെ ആ നദി പോലെയാണ് വായനാപ്പുരയിലെ പുസ്തകങ്ങള്‍.

ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അവര്‍ പങ്കുവെച്ച പുസ്തകങ്ങളും വായനാപ്പുരയില്‍നിന്ന് അപ്രത്യക്ഷമാകുമെന്നതിനാല്‍ ഇവിടെ പുസ്തകങ്ങള്‍ ഒഴുകി മറയുകയാണ്. പുതിയ ആളുകള്‍ സര്‍വകലാശാലയിലേക്ക് എത്തുന്നതിനാല്‍ പുതിയ പുസ്തകങ്ങള്‍ വന്നുചേരുകയും ചെയ്യുന്നു. കാല്പനികമായ ഒരു ലോകത്തിലെ നിശ്വാസം മാത്രമെ അവയ്ക്ക് സ്വന്തമായുള്ളൂ. അങ്ങനെ എം.മുകുന്ദന്‍റെ മയ്യഴിപുഴയുടെ തീരങ്ങളിലെ മിന്നാമിനുങ്ങുകള്‍ പറന്നിടത്ത് ഒരു വര്‍ഷാരംഭത്തോടെ അബ്ദുള്‍ കലാമിന്‍റെ അഗ്നിച്ചിറകുകള്‍ വീശുന്നത് കാണാം.

ഒരു പക്ഷെ മൈത്രിയുടെ ലക്ഷ്യവും ഇതു തന്നെയാണ്. അവന്‍റെ തൊടിയേയും, കളിക്കുന്നതിനിടെ നഷ്ടപ്പെട്ട ഗോട്ടിയ്യേയും അവള്‍ നാട്ടില്‍നിന്ന് പോരുമ്പോള്‍ ബാഗില്‍ സ്ഥലമില്ലാഞ്ഞതിനാല്‍ മറ്റിവെച്ച കണ്ണിമാങ്ങാ അച്ചാറിനേയും കൊതിതീരാത്തയുടെ അമ്മയുടെ ഉമ്മയേയും ആവാഹിച്ചെടുത്ത പുസ്തകങ്ങളെ ജീവിപ്പിക്കുകവഴി, ഒരു കൈമാറ്റ പ്രക്രിയയില്‍ കൊണ്ടുവരിക വഴി, സൃഷ്ടിക്കപ്പെടുന്ന സ്വന്തം നാടിന്‍റെ പ്രതീതി. പ്രവാസിമലയാളികള്‍ ഉള്ളിടത്തെല്ലാം സാംസ്കാരികസംഘടനകള്‍ ആ ധര്‍മം നിര്‍വഹിക്കുന്നുണ്ടെങ്കിലും മലയാളവായനയുടെ ഒരു പുത്തന്‍ സംസ്കാര സൃഷ്ടിയാണിവിടെ സഭവിക്കുന്നത്, സംഭവിച്ചിരിക്കുന്നത്. മലയാളനാടുമായുള്ള പൊക്കിള്‍കൊടിബന്ധം വിഛേദിക്കപ്പെട്ടവര്‍, വാവിട്ട കരച്ചില്‍ നിര്‍ത്തി തങ്ങള്‍ക്ക് ഇത്രയും നാള്‍ പോഷണം തന്ന അമ്മയുടെ മുഖത്തേക്ക് ദൂരെ നിന്നാണെങ്കിലും നോക്കുന്നു. പുസ്തകങ്ങളില്‍ കൈവെച്ച് അവളുടെ മാറോട് ചേര്‍ന്നുകിടക്കുന്നു.

ആ ഹൃദയത്തിന്‍റെ മിടിപ്പാണ് ഈ വായനാസംസ്കാരത്തിന്‍റെ താളം. പ്രത്യേകിച്ചും ദില്ലിയെന്ന, ഭാരതത്തിന്‍റെ നാനാത്വം ഉരുകിയൊലിച്ച് ഒന്നാകുന്നൊരിടത്ത്, നമ്മുടെ സംസ്കാരത്തിന്‍റെ വക്താക്കളാകണമെങ്കില്‍ നമ്മുടെ സ്വത്വത്തെപ്പെറ്റി സമഗ്രമായ കാഴ്ചപ്പാട് വേണം. അതിന് വായനാസംസ്കാരത്തിന്‍റെ താളം കൈമുതലാകണം.

അത്തരമൊരു സംരഭത്തിന് വായനാപ്പുര മാതൃകയാവുകയാണ്. എല്ലാവരുടെയും കൈയ്യിലുള്ള പുസ്തകങ്ങളുടെ പട്ടികയുണ്ടാക്കുന്നതിലുള്ള സമര്‍പ്പണവും അദ്ധ്വാനവും അത് പൊതുധാരണയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശിപ്പിച്ച് കൈമാറ്റം ചെയ്യുമ്പോള്‍ ഉടലെടുക്കുന്ന  സൗഹൃദബന്ധവും നാടിന് മുതല്‍ക്കൂട്ടാകും. പുതിയൊരുസമൂഹത്തെ അത് വാര്‍ത്തെടുക്കും. ഇതിലൂടെ മലയാള പഠനകേന്ദ്രങ്ങളില്‍ പഠിച്ചുയരുന്ന പുതുതലമുറയുടെ ഭാവനയ്ക്ക് വിരാജിക്കാന്‍ നമ്മുടെ സാഹിത്യത്തെ തുറന്നുകൊടുക്കാന്‍ നമുക്കാകും. എം. മുകുന്ദന്‍, സച്ചിദാനന്ദന്‍, കാക്കനാടന്‍, ആനന്ദ് എന്നിവരെപ്പോലുള്ള സാഹിത്യകാരന്മാര്‍ മലയാളത്തിന് പരിചയപ്പെടുത്തിയ സാംസ്കാരികവൈവിധ്യത്തിന്‍റെ ദില്ലിയെക്കുറിച്ച് അവിടെ ജനിച്ചുവളര്‍ന്നവര്‍ പറഞ്ഞുതരും. ഓണവും മുണ്ടും കഥകളിയും കളരിയോടുമൊപ്പം ഭാരതീയസാഹിത്യത്തിന് അഭിമാനം പകരുന്ന നീലാംബരിയും നാലുകെട്ടും മതിലുകളുമുണ്ടെന്ന് മറ്റ് സംസ്കാരങ്ങളോട് അവരുടെ ഭാഷയില്‍ ഇവര്‍ പറഞ്ഞുകൊടുക്കും. ശാസ്ത്രീയവും തത്വചിന്താപരവുമായ സൃഷ്ടികള്‍കൊണ്ട് മലയാളത്തിന് ക്ലാസിക് ഭാഷാപദവി എന്ന സ്വപ്നത്തിന് മാംസം പകരാന്‍ ഈ സമൂഹത്തിന് കഴിയും.

സ്വപ്നങ്ങള്‍ പിരിച്ചെടുത്ത് പായ നെയ്യുമ്പോഴും വാക്യങ്ങളുടെ അരികെ ചിഹ്നങ്ങള്‍ നിഴലായി നില്പ്പുണ്ട്.  മലയാള തനിമയെ ഇത്രമേല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ?  ഇംഗ്ലീഷ് നല്ലവണ്ണം കൈകാര്യം ചെയ്യാനറിയാത്തതുകൊണ്ട് മുഖാമുഖങ്ങളില്‍ പിന്തള്ളപ്പെടുന്ന മലയാളികളെ നാം കാണുന്നുണ്ട്. അതുപോലെ ആന്‍ഡമാന്‍ ദ്വീപുകളിലേതുപോലെ അന്യഭാഷയില്‍ നിന്ന് വാക്കുകള്‍ കടമെടുത്ത, നിസംഗതകൊണ്ട് അപ്രത്യക്ഷമാകുന്ന, ഭാഷയേയും. ഉത്തരം അറിയില്ല.

ആരാണ് മലയാളി. കേരളത്തില്‍ ജനിച്ചവനോ? അതോ മലയാളം സംസാരിക്കുന്നവനോ? അപ്പൊള്‍ സുദാന്‍ശു ചതുര്വേദിയെപ്പോലെ ഹിന്ദി മാതൃഭാഷയായിട്ടും മലയാളത്തില്‍ ഡോക്ടറേറ്റ് നേടുന്ന മലയാളഭാഷാ സ്നേഹികള്‍?- അറിയില്ല.

അറിയാവുന്ന ഒന്നുണ്ട്. വായനാപ്പുര ഒരു ആശയമാണ്. ഇതിന്‍റെ നാസാരന്ധ്രങ്ങളിലേക്ക് ഒരു നിശ്വാസം പകര്‍ന്നാല്‍ ജീവന്‍ തുടിക്കും. ഭാഷ വളരും.

2 comments: