Friday 6 January 2012

ഒരു ബാറ്റുണ്ടാക്കിയ കഥ.!!

Unnikrishna Das, KMC


നാട്ടിലെത്തികഴിഞ്ഞു വായനശാലയിലോട്ടിറങ്ങിയാല്‍ പരിചയക്കാര്‍ ചോദിക്കുന്ന രണ്ടു ചോദ്യങ്ങള്‍ ഉണ്ട്.,ഒന്ന് 'എപ്പോ വന്നു?' തൊട്ടുപിന്നാലെ 'എപ്പോള്‍ തിരിയെ പോകും?' രണ്ടാമത്തെ ചോദ്യം പല രീതിയില്‍ പ്രതീക്ഷിക്കാം.ഉദാഹരണത്തിന് 'എത്ര ലീവ് ഉണ്ട്',കുറെ നാള്‍ നാട്ടില്‍ കാണുമോ,ഉടനെ തിരിച്ചു പോണോ എന്നിവയൊക്കെ മേല്‍ പറഞ്ഞതിന്റെ വകഭേദങ്ങളാണ്. ബന്ധുവീടുകളില്‍ ചെന്ന് കയറിയാലും ചായക്ക്‌ മുന്‍പേ ഈ ചോദ്യം പ്രതീക്ഷിക്കാം..ഏതൊരു പ്രവാസിയും നാട്ടില്‍ വന്നയുടനേ ഇത്തരത്തില്‍ ഹ്രസ്വമായ അവധിദിനങ്ങളുടെ എണ്ണം ഓര്‍മ്മിക്കാന്‍ പലതവണ നിര്‍ബന്ധിതനാകുന്നു. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ മൂന്നാമതൊരു ചോദ്യം- 'ഇനി എത്ര നാള്‍ വേണം പഠിപ്പ് തീരാന്‍.,അതുകഴിഞ്ഞെന്താ പരിപാടി' എന്ന്.....ഈശ്വരാ!!.

അവധിദിനങ്ങള്‍ക്ക് ഒരു പൊരായ്മ ഉണ്ട്.നമ്മള്‍ അവധി ആസ്വദിക്കുമ്പോള്‍ ആ നിമിഷങ്ങളുടെ വില അറിയുന്നേയില്ല. തിരികെചെന്ന് നഗരത്തിലെ തണുപ്പില്‍ കമ്പിളി പുതച്ചിരിക്കുമ്പോള്‍, നാട്ടില്‍നിന്നും കൊണ്ടുവന്ന അരിമുറുക്കും ഉണ്ണിയപ്പവും ഇട്ടുവച്ച സഞ്ചി കാലിയാകുമ്പോള്‍ ഒരു നെടുവീര്‍പ്പില്‍ നമ്മള്‍ സ്വയം നഷ്ടപ്പെടും..കഴിഞ്ഞ അവധിയിലെ ദിനങ്ങളോരോന്നും ഓര്‍മയിലൂടെ തിരിച്ചുപിടിക്കാന്‍ വൃഥാ ശ്രമിക്കും... പ്രിയപ്പെട്ട ബ്രെഡ്‌പകോടകള്‍ക്ക് പോലും ആ നഷ്ടബോധത്തില്‍ നിന്ന് രക്ഷിക്കാനകില്ലയെന്ന്താണ് അനുഭവം.
ഓരോ മടക്കയത്രയുടെയും അവസാനം അടുത്ത അവധിക്കായുള്ള കൌണ്ട്ഡൌണ്‍ ആരംഭിക്കുന്നു..

ഈയവധിക്കാലത്തും ചില പതിവ് കലാപരിപാടികള്‍ തുടര്‍ന്നു..ഒരു ബാറ്റ് ഉണ്ടാക്കിയ കഥയുണ്ട്.,വൈകുന്നേരം നാലരയായാല്‍ കുറ്റിയും കോലുമായി കളിക്കാനെത്തുന്ന കളിസന്ഘം.ആറേഴു പേരുണ്ട്.പക്ഷെ,കളി പഴയ കളിയല്ല.. യുട്യൂബില്‍ സച്ചിന്റെയും മറ്റും ഷോട്ടുകളുടെ വീഡിയോകള്‍ കണ്ടു പഠിച്ചിട്ടാണ് ഇപ്പഴത്തെ പൊടി പിള്ളേര് വരെ കളിയ്ക്കാന്‍ വരുന്നത്.കാലം പോയ പോക്കെ...നമ്മള്‍ക്ക് ആകെയരിയാവുന്നത് പഴയൊരു തരാം സ്പിന്‍ ബൌളിംഗ്.പിള്ളേര് തച്ചുടച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ..ദില്ലിയായാലും ബോംബെ ആയാലും അടി കൊണ്ട് തെറിക്കുന്ന പന്ത് തെരഞ്ഞുപിടിച്ച് കൊണ്ടുവരേണ്ടത് ഫീല്‍ടിംഗ് ടീമിന്റെ പണിയാണ്.നമ്മള്‍ ഓടിയതിനും മതിലുകേറി മറിഞ്ഞതിനും കണക്കില്ല. (ഈ ശ്രീശാന്തിനെയൊക്കെ സമ്മതിക്കണം കേട്ടാ..)
അപ്പൊ പറഞ്ഞു വന്നത്,.ങാ,അതു തന്നെ..ഒരുനാള്‍ കളികഴിഞ്ഞ് തെങ്ങിന്ചോട്ടില്‍ വിശ്രമിക്കുകയായിരുന്ന ബാറ്റിന്റെ തലയില്‍ തേങ്ങ വീണു.പിറ്റേന്ന് കാലത്താണ് ആ ഹൃദയഭേദകമായ കാഴ്ച കണ്ടത്. പാവം ബാറ്റു രണ്ടായി പിളര്‍ന്നു പോയി..കളിമുടക്കാന്‍ പറ്റുവോ? തെങ്ങോല മടല്‍ ചെത്തിയെടുത്തു നോം സുന്ദരമായി ബാറ്റ് ഉണ്ടാക്കി..
എന്തുചെയ്യട്ടെ.,കളിസന്ഘത്തിലെ ഇളംനാമ്പുകള്‍ അലമ്പുണ്ടാക്കി. ഏഴിലും എട്ടിലും പഠിക്കുന്ന കസിന്‍സ് കളി ബഹിഷ്കരിക്കുമെന്ന് ഭീഷണി മുഴക്കി.ഈ ബാറ്റുപയോഗിച്ചു പുള്‍ഷോട്ടുകള്‍ കളിയ്ക്കാന്‍ പ്രയാസമാണത്രെ!. ശാസ്ത്രം ജയിച്ചു.നമ്മള്‍ തോറ്റു.
അങ്ങനെയാണ് പുതിയൊരു ബാറ്റ് വാങ്ങാനുള്ള പ്രമേയം പാസ്സാവുന്നത്.

ഇത്തവണ റിലീസ് ആകുന്ന പടങ്ങള്‍ അപ്പപ്പോള്‍ പോയി ടിക്കറ്റ്‌ എടുത്തു കണ്ടു എന്നൊരു പ്രത്യേകതയുണ്ട്.ബ്യൂട്ടിഫുള്‍ ,വെനീസിലെ വ്യാപാരി,അറബിയും ഒട്ടകവും, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിങ്ങനെ അവധിക്കാല ചിത്രങ്ങള്‍ ധാരാളമായിരുന്നു......വെനീസിലെ വ്യാപാരി നിരാശപ്പെടുത്തി.അറബിയും ഒട്ടകവും മോഹന്‍ലാലും അഭിനയിച്ച അടുത്ത പദത്തിന്റെ ക്ലൈമാക്സ്‌ ലെ ഒറ്റ ഡയലോഗ് പോലും കേള്‍ക്കാനായില്ല.അത്രയ്ക്ക് കെങ്കേമമായിരുന്നു കാണികളുടെ കൂവല്‍. വി.കെ പ്രകാശിന്റെ 'ബ്യൂട്ടിഫുള്‍' ഹൃദ്യമായി..നല്ലൊന്നാന്തരം തിരക്കഥ.മഴനീര്‍ത്തുള്ളികള്‍ എന്നൊരു പാട്ടും.. അസ്സലായി.ഉദാത്തം എന്ന് പറയാന്‍ വയ്യെങ്കിലും വെള്ളരിപ്രവിന്റെ ചങ്ങാതിയും മനോഹരം..വ്യാപാരിയും,മാധവേട്ടനും വരുത്തിവച്ച നിരാശ ഈ ചിത്രം കണ്ടപ്പോള്‍ ഉണ്ടായില്ല.

രണ്ടു ദിവസം മുന്പ് കോഴിക്കോട് ഒരു കൂട്ടുകാരന്റെ വീട്ടില്‍ പോയി..കാലിക്കറ്റ്‌ സര്‍വകലാശാല കാമ്പസിനകത്താണ് അവന്റെ വീട്.കോഴിക്കോട്നിന്ന് തൃശൂര്‍ ഹൈവേയില്‍ രാമനാട്ടുകര കഴിഞ്ഞിത്തിരി പോയാല്‍ സി.യു കാമ്പസ് ആയി.. പോരുന്ന വഴിയില്‍ സാഗര്‍ഹോട്ടലില്‍ നിന്ന് ലൈറ്റായിട്ടു ഓരോ ബിരിയാണി..അതുകഴിച്ചു കഴിഞ്ഞപ്പോള്‍ അസാരം കുറ്റബോധം തോന്നിയത് കൊണ്ട് ഓരോരോ ഷെയ്ക്കിന് കൂടി പറഞ്ഞു. ചിറിയും തുടച്ചു മിട്ടായിതെരുവ് വഴി അലയല്‍.മുന്‍പൊരിക്കല്‍ വന്നപ്പോള്‍ ഏട്ടന്റെ കൂടെ പുട്ടും മത്തിക്കറിയും കഴിക്കാനിറങ്ങിയ സ്ഥലം സാക്ഷാല്‍ എസ.കെ പൊറ്റക്കാടിന്റെ വിഹാരകേന്ദ്രമായിരുന്നുവെന്നു കൂട്ടുകാരന്‍ പറഞ്ഞു തന്നു.. നല്ല സമ്പൂര്‍ണ ഷോപ്പിംഗ്‌ മാളുകള്‍ കോഴിക്കോട്ടും വന്നിരിക്കുന്നു.അതിനകത്ത് കയറിയാല്‍ കോഴിക്കോട് അല്ല.വേറൊരു ലോകം.വേറെ പലതരം ഗന്ധങ്ങള്‍..(നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്).

ഒരു ശോകമൂക രംഗം കൂടിയുണ്ട്. സിനിമാക്കാരുടെ ഭാഷയില്‍ anti-climax എന്ന് പറയും. പ്രിയസുഹൃത്തിന്റെ ജന്മദിനം വരുന്നു. ഒരു സമ്മാനം കൊടുക്കണം. ദില്ലിക്ക് പോകുന്ന വണ്ടിയില്‍ അവള്‍ വരുന്നുണ്ട്.തീവണ്ടി ആപ്പീസില്‍ ചെന്നുനിന്നു.. ചെല്ലുന്ന കാര്യം അവളോട്‌ പറഞ്ഞില്ല.ഒരു സര്‍പ്രൈസ് ആകണമല്ലോ..

വണ്ടി എത്തേണ്ട സമയമായി.നമ്മള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

അപ്പോള്‍-

ഒരു മെസ്സേജ്-നേരത്തെ അയച്ചതിനുള്ള മറുപടിയാണ്. നമ്മള്‍ ഉദ്ദേശിച്ച വണ്ടിയ്ക്കല്ല അവള്‍ വരുന്നത്. അവള്‍ വരുന്ന ട്രെയ്നിനു ഞാന്‍ നില്‍ക്കുന്ന തീവണ്ടിയാപ്പീസില്‍ stoppilla എന്നും പറയാം.(അല്പം മുന്പ് കുതിച്ചു പാഞ്ഞുപോയ വണ്ടിയില്‍ അവളുണ്ടായിരുന്നു!)
പണി പാളി.ഒന്ന് വിളിച്ചു ചോദിക്കാമായിരുന്നു അല്ലെ?..

വിഷണ്ണനായി തിരിയെ നടക്കുന്നതിനിടെ, നന്നായി മഞ്ഞു വീഴുന്നുണ്ടെന്ന് മനസ്സിലായി.നല്ല തണുപ്പും ഉണ്ട്.
വാച്ചില്‍ നോക്കി.നേരം വൈകിയിരിക്കുന്നു.ലാസ്റ്റ് ബസ് പോയ്ക്കഴിഞ്ഞിരിക്കും.

വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നാണല്ലോ.....
സംഭവാമി യുഗേ യുഗേ!!

2 comments:

  1. ബാക്ക് ഗ്രൌണ്ട് മാറ്റാന്‍ ഞാന്‍ പറയില്ല. പക്ഷെ ഫോണ്ട് ഒന്നു വലുതാക്കണം. പോസ്റ്റ് നന്നായിട്ടോ.

    ReplyDelete
  2. Thank You Very Much Feo for visiting ,, Please follow us ... We will update this blog with creative writings of the students in Delhi University.

    Maithry- Malayalam fraternity in DU

    ReplyDelete